സന്നിധാനത്തെ കൈപ്പിടിയിലൊതുക്കാന്‍ കച്ചകെട്ടി സിപിഎം ! മണ്ഡലകാലത്ത് പാര്‍ട്ടിയുടെ 1650 പ്രവര്‍ത്തകര്‍ സന്നിധാനത്ത് ദിവസവേതന ജോലിക്കാരാകും; നിയമിക്കുന്നവര്‍ സിപിഎം ബന്ധമുള്ളവരാകണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം

പത്തനംതിട്ട: ദിവസ വേതന അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കാരെ നിയമിച്ച് സന്നിധാനത്തു സിപിഎം നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. മണ്ഡല മകരവിളക്കു കാലത്തേക്ക് 1680 പേരെയാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കും. അരവണ തയാറാക്കല്‍, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫിസ്, ഗെസ്റ്റ്ഹൗസ്, തീര്‍ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികള്‍ക്കുമാണ് ഇവരെ നിയോഗിക്കുക.

ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ സിപിഎം അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആകണമെന്നു ദേവസ്വം ബോര്‍ഡിനു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസവേതനത്തിന് എടുക്കുന്നവര്‍ക്കു തീര്‍ഥാടന കാലം കഴിയും വരെ സന്നിധാനത്തു തങ്ങാന്‍ പറ്റും. അവര്‍ക്കു. ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡാണ് ഒരുക്കുന്നത്.യുവതീപ്രവേശം സംബന്ധിച്ച കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നു പരാജയപ്പെട്ടിരുന്നു. സന്നിധാനത്തു വിശ്വാസികളായി സംഘടിച്ചതു സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാണു പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്.

എല്‍ഡിഎഫ് അനുഭാവികളാരും ഇല്ലാഞ്ഞതിനാല്‍ പൊലീസിനു പിന്‍ബലം നല്‍കാന്‍ ആരുമില്ലായിരുന്നുവെന്നാണു വിലയിരുത്തല്‍. പോലീസിനു പുറമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി സന്നിധാനത്ത് എത്തുന്നത് യുവതി പ്രവേശത്തില്‍ സര്‍ക്കാരിന് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Related posts