പരവൂർ: കേന്ദ്ര സർക്കാരിന്റെ മുൻനിര ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യയോജന രാജ്യത്തുടനീളം വൻ വിജയമെന്ന് റിപ്പോർട്ട്. ഇതുവരെ 1,90,000 കോടിയിലധികം രൂപയുടെ പണരഹിത ചികിത്സയാണ് പദ്ധതിയിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കിയെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേ മന്ത്രാലയം വ്യക്തമാക്കി.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ, പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച അവലോകന യോഗത്തിലാണ് വകുപ്പ് ഉദ്യോഗസ്ഥർ കണക്കുകൾ പുറത്തുവിട്ടത്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഉറപ്പ് പദ്ധതിയായി ആയുഷ്മാൻ ഭാരത് മാറിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
രാജ്യത്തെ ആരോഗ്യമേഖലയെ ഡിജിറ്റൽവൽക്കരിക്കുന്നതിൽ വലിയ മുന്നേറ്റമാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ വഴി സാധ്യമായിട്ടുള്ളത്. ഇതുവരെ രാജ്യത്ത് 94 കോടിയിലധികം വരും തലമുറ ആരോഗ്യ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ നൂറ് കോടിയിലധികം വ്യക്തിഗത ആരോഗ്യ രേഖകൾ ഡിജിറ്റൽ സംവിധാനവുമായി വിജയകരമായി ബന്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഭാവിയിലെ ആവശ്യങ്ങൾ കൃത്യമായി മുൻകൂട്ടി കണ്ടുകൊണ്ടുള്ള മികച്ച ആരോഗ്യ സംരക്ഷണ സംവിധാനത്തിനാണ് ഡിജിറ്റൽ മിഷൻ ഇതിലൂടെ അടിത്തറയിട്ടിരിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളിലുടനീളമുള്ള സാധാരണക്കാരായ രോഗികളുടെ ആരോഗ്യ രേഖകൾ ആശുപത്രികളിൽ സുഗമമായി ലഭ്യമാക്കുന്നതിനും, രോഗികൾക്ക് തൊട്ടടുത്തുള്ള ആരോഗ്യ സൗകര്യങ്ങൾ വളരെ എളുപ്പത്തിൽ കണ്ടെത്തുന്നതിനും പുതിയ ഡിജിറ്റൽ സംവിധാനം സഹായിക്കുന്നുണ്ട്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം വിലയിരുത്തുക. ആരോഗ്യ സംരക്ഷണ രംഗത്ത് ഡിജിറ്റൽ ഇന്ത്യ നടപ്പിലാക്കുന്ന വലിയ പരിവർത്തനത്തിന്റെ തെളിവാണ് ഈ പദ്ധതികളുടെ വിജയമെന്നും അധികൃതർ പറഞ്ഞു.
ആരോഗ്യ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ കൂടുതൽ ശക്തമായ ഏകോപനം ഉണ്ടാകണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്. സർക്കാർ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ പരിപാലന ഇടപെടലുകളുടെയും മുൻഗണനാ പട്ടികയിൽ ദരിദ്രരും ദുർബലരുമായ സാധാരണ പൗരന്മാരെയായിരിക്കണം പ്രതിഷ്ഠിക്കേണ്ടതെന്നും അവരുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് മാത്രമേ പദ്ധതികളുമായി മുന്നോട്ട് പോകാവൂ എന്നും മന്ത്രാലയം നിർദേശിച്ചു.
