അവര്‍ എന്നെയും തേടിയെത്തിയിരുന്നു ! ആ കുപ്പായം എനിക്ക് ഒരിക്കലും പാകമാവില്ല ! തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നതിങ്ങനെ…

സാഹിത്യകാരന്മാരെയും സിനിമക്കാരെയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് പണ്ടേ താല്‍പര്യമാണ്. ഇവരുടെ ജനപ്രീതി മുതലെടുക്കാനാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. എസ്.കെ പൊറ്റെക്കാട്ട് മുതല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വരെ ജനഹിതമറിയാന്‍ ഗോദയില്‍ ഇറങ്ങിയിട്ടുണ്ട്. രണ്ടുതവണ മത്സരിച്ച എസ്‌കെ ഒരുതവണ ജയിക്കുകയും ചെയ്തു. 1962ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുകുമാര്‍ അഴീക്കോടിനെയാണ് ഇടതു സ്ഥാനാര്‍ഥിയായിരുന്ന എസ്‌കെ തോല്‍പ്പിച്ചത്.

മിക്ക തിരഞ്ഞെടുപ്പ് കാലത്തും സാഹിത്യകാരന്മാരെ ഇരുമുന്നണികളും മത്സരരംഗത്തിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയും തേടി ആളുകളെത്തിയിരുന്നെന്ന് മലയാളിയുടെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലചന്ദ്രനു ക്ഷണം. പക്ഷേ, അദ്ദേഹം തല്‍ക്ഷണം തന്നെ ക്ഷണം നിരസിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സന്തോഷം തരില്ലെന്നുറപ്പുള്ളതുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇടതുപക്ഷ അനുഭാവിയാണെങ്കിലും രാഷ്ട്രീയക്കാരന്റെ വസ്ത്രം തനിക്കിണങ്ങില്ല എന്നാണ് കവി മനസ്സു പറഞ്ഞത്.

പഠിക്കുന്ന കാലത്തൊക്കെ ബാലചന്ദ്രന് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. നക്‌സല്‍ അനുഭാവിയായിട്ടാണ് ബാലചന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. ഈ മേല്‍വിലാസം ഉണ്ടാക്കിയത് വലിയ നഷ്ടമാണ്. വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുണ്ടായ ഒറ്റപ്പെടുത്തല്‍ കലാശിച്ചത് നാടുവിടലിലാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ കവിയെ ആത്മഹത്യയിലേക്കു നയിക്കാതെ സംരക്ഷിച്ചത് മലയാളികളായ അക്ഷരസ്‌നേഹികളായിരുന്നു. ബാലചന്ദ്രനിലെ കവിതയെ ഇഷ്ടപ്പെട്ടിരുന്ന യുവാക്കളുടെ സമൂഹം അദ്ദേഹത്തിന് അഭയം നല്‍കി.

പിന്നീടാണ് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. കുഞ്ഞപ്പ പട്ടാനൂര്‍ എന്ന ഇടതുപക്ഷ സഹയാത്രികന്റെ നിര്‍ബന്ധത്താലാണ് ബാലചന്ദ്രന്‍ പിഎസ്‌സി എഴുതുന്നതും ട്രഷറി വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നതും. അവിടുത്തെ ജോലി മടുത്തപ്പോള്‍ അഭിനയത്തിലേക്കിറങ്ങി. ഇപ്പോള്‍സിനിമയില്‍ സജീവമാണ് ചുള്ളിക്കാട്. തന്നെ
ഏറെ നിരാശപ്പെടുത്തിയത് അടിന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നെന്നാണ് ബാലചന്ദ്രന്‍ പറഞ്ഞത്. ഇന്ദിരാഗാന്ധി തോറ്റ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ജയിച്ചത് കരുണാകരന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസായിരുന്നു.

അടിയന്തരാവസ്ഥയില്‍ മനുഷ്യാവകാശങ്ങള്‍ ഇല്ലാതാക്കിയ ആഭ്യന്തരമന്ത്രി പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വന്നത് തന്നില്‍ വല്ലാത്ത മോഹഭംഗമുണ്ടാക്കിയെന്ന് ബാലചന്ദ്രന്‍ നിരാശയോടെയാണ് എഴുതിയത്. ാന്‍ വിലകല്‍പിക്കുന്നതിനെ വിലകല്‍പിക്കാത്ത ഒരു സമൂഹത്തില്‍ തനിക്കൊരു പ്രസക്തിയും ഇല്ലെന്ന ബോധം കൃത്യമായി ഉള്ളതുകൊണ്ട് സാമൂഹിക പ്രശ്‌നങ്ങളോട് കവി ഇപ്പോള്‍ പ്രതികരിക്കാറില്ല. അതിനാല്‍ തന്നെ ഒരിക്കലും തിരഞ്ഞെടുപ്പ് കാലത്ത് മതിലുകളില്‍ ചുള്ളിക്കാടിന്റെ പേര് കാണാന്‍ മലയാളികള്‍ക്ക് കഴിയില്ല.

Related posts