കളിയ്ക്കിടയില്‍ അച്ചടക്കം വേണം! ബീഫ് വിഭവങ്ങള്‍ ദയവുചെയ്ത് ഒരുക്കരുത്; ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ ബീഫ് വിഭവങ്ങള്‍ വേണ്ടെന്ന നിര്‍ദേശവുമായി ബിസിസിഐ

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമംഗങ്ങള്‍ക്കുള്ള ഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കണമെന്ന് ബി.സി.സി.ഐ. ഓസീസ് പര്യടനം തുടങ്ങുന്നതിന് മുമ്പായി ബി.സി.സി.ഐ ഒഫീഷ്യലുകളുടെ സന്ദര്‍ശനത്തിലാണ് ഇത്തരം നിര്‍ദ്ദേശം ബി.സി.സി.ഐ മുന്നോട്ടുവെച്ചതെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോം മത്സരങ്ങള്‍ക്ക് തുല്യമായി എവേ മത്സരങ്ങളിലും ടീമിന്റെ ഭക്ഷണചിട്ടകള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനാണ് ബി.സി.സി.ഐയുടെ നിര്‍ദ്ദേശം.

‘നേരത്തെ താരങ്ങള്‍ക്ക് കര്‍ശനമായ ഭക്ഷണനിയന്ത്രണങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി. പരമ്പരയ്ക്കിടയില്‍ അച്ചടക്കം പാലിക്കുകയെന്നത് അവരുടെയും ഉത്തരവാദിത്വമാണ്’. ബി.സി.സി.ഐയുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയുള്ള ഭക്ഷണങ്ങളുടെ മെനു നേരത്തെ ബി.സി.സി.ഐ ട്വീറ്റ് ചെയ്തിരുന്നു. അത് വലിയ വിവാദവുമായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ഉള്‍പ്പെടുത്തിയതാണ് വിവാദത്തിനിടയാക്കിയത്. വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് ടീം അംഗങ്ങള്‍ക്കായി ലോര്‍ഡ്‌സില്‍ ഒരുക്കിയിരുന്നത്.

ഇന്ത്യന്‍ ടീമിന്റെ മെനു ബിസിസിഐ എല്ലാ ദിവസവും ട്വീറ്റ് ചെയ്യാറുണ്ട്. മെനുവില്‍ ബീഫ് കണ്ടതോടെ ആരാധകരുടെ ഭാവം മാറുകയായിരുന്നു. അതുകൊണ്ടൊക്കെയാവണം ഇപ്പോള്‍ ടീമിനായി ബീഫ് വിഭവങ്ങള്‍ ഒരുക്കേണ്ടതില്ലെന്ന് ബിസിസിഐ മുന്‍കൂട്ടി അറിയിച്ചിരിക്കുന്നത്.

Related posts