ജവാന്മാരുടെ കുടുംബത്തിന് അഞ്ച് കോടി വീതം നല്‍കാന്‍ ബിസിസിഐ !മൊഹാലി സ്റ്റേഡിയത്തില്‍ നിന്ന് അഫ്രീദിയുടെയും അക്രത്തിന്റെയും ഇമ്രാന്‍ഖാന്റെയും ചിത്രങ്ങള്‍ നീക്കി ! പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിച്ചേക്കും…

അമൃത്സര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യമെങ്ങും ദുഖവും പ്രതിഷേധവും ഇരമ്പുകയാണ്. 42 ജവാന്മാരാണ് ജയ്‌ഷെ മുഹമ്മദിന്റെ ചാവേറാക്രമണത്തില്‍ മരണമടഞ്ഞത്. കേന്ദ്രസര്‍ക്കാരിനൊപ്പം തന്നെ വിവിധ സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സഹായവുമായെത്തുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് കോടി വീതം നല്‍കാനുള്ള പ്രത്യേക പദ്ധതിയും തയ്യാറാക്കി. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് സഹകരണമില്ലെന്ന തരത്തിലാണ് ബിസിസിഐയുടെ ഇടപെടലെത്തുന്നത്.

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിഷേധത്തിന് പുതിയ തലവും നല്‍കി. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷന്‍ എടുത്തുമാറ്റിയത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങള്‍ മാറ്റിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. മുന്‍ പാക് ക്യാപ്റ്റനും നിലവില്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്. സ്റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നത്. ഭീകരാക്രമണത്തിനെതിരെ രാജ്യത്തുയര്‍ന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍. എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. പിസിഎ ട്രഷറര്‍ അജയ് ത്യാഗി വ്യക്തമാക്കി

പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാക് സര്‍ക്കാര്‍ നടപടികളൊന്നും എടുത്തതുമലില്ല. ഇമ്രാന്‍ ഖാനാണ് നിലവില്‍ പ്രധാനമന്ത്രി. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിഷേധം. വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ കുല്‍വിന്ദര്‍ സിങ്ങിന്റെ മാതാപിതാക്കളെ അനന്ദ്പുര്‍ സാഹിബിലുള്ള ഗ്രാമത്തിലെത്തി സന്ദര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു. ഗ്രാമത്തിലെ സ്‌കൂളിനും ലിങ്ക് റോഡിനും വീരമൃത്യു വരിച്ച ജവാന്റെ പേരുനല്‍കും. ജവാന്റെ മാതാപിതാക്കള്‍ക്ക് പ്രതിമാസം 10,000 രൂപവീതം ആജീവനാന്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 12 ലക്ഷം രൂപ കുടുംബത്തിന് നല്‍കുന്നതിന് പുറമെയാണിത്. വീരമൃത്യു വരിച്ച ജവാന് മക്കളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ജോലി ആര്‍ക്കും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആജീവനാന്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തത്. ഇതിന് സമാനമായി എല്ലാ സംസ്ഥാനങ്ങളും ധീരജവാന്മാരുടെ കുടുംബത്തെ ഏറ്റെടുക്കുകയാണ്.

അതിനിടെ, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദിന്റെ കുടുംബത്തിന് 20 ലക്ഷംരൂപ സാമ്പത്തിക സഹായം അനുവദിക്കുമെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികരുടെ കുടുംബങ്ങള്‍ക്ക് ബി.സി.സിഐ അഞ്ചു കോടി രൂപ ധനസഹായം നല്‍കണമെന്ന് ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്നയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച ബി.സി.സിഐ ഇടാക്കാല ഭരണസമിതി (സി.ഒ.എ) മുന്നാകെയാണ് ഖന്ന ഈ ആവശ്യം അറിയിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെടുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായി മാറും. രാജ്യത്തെ ഏറ്റവും വലിയ കായിക സംഘടനയാണ് ബിസിസിഐ. അതുകൊണ്ട് തന്നെ അഞ്ച് കോടി നല്‍കുക അവര്‍ക്ക് ബുദ്ധിമുട്ടള്ള കാര്യവുമല്ല.

‘മറ്റ് ജനങ്ങള്‍ക്കൊപ്പം ഞങ്ങളും ഈ ദുഃഖത്തില്‍ പങ്കുചേരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ബി.സി.സിഐ ഇടക്കാല ഭരണസമിതിയോട് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അഞ്ചു കോടി രൂപയെങ്കിലും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുകയാണ് ‘ – സി.ഒ.എയ്ക്ക് അയച്ച കത്തില്‍ ഖന്ന വ്യക്തമാക്കി. ഐ.പി.എല്‍ ഫ്രാഞ്ചൈസികളോടും അവര്‍ക്ക് സാധിക്കുന്ന തരത്തിലുള്ള സംഭാവനകള്‍ നല്‍കാനും ഖന്ന നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബി.സി.സിഐയുടെ പൂര്‍ണനിയന്ത്രണം സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതിക്കാണ്.

ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്നയ്ക്കടക്കം തീരുമാനമെടുക്കണമെങ്കില്‍ സി.ഒ.എയുടെ അനുമതി ആവശ്യമാണ്. രാജ്യത്തിന്റെ മൊത്തം പ്രശ്നമായതിനാല്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.നേരത്തെ ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് അറിയിച്ചിരുന്നു. ഇറാനി ട്രോഫി ജേതാക്കളായ വിദര്‍ഭ തങ്ങളുടെ സമ്മാനത്തുക പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്നും അറിയിച്ചിരുന്നു.

Related posts