അന്ന് ഭൂലോക ലക്ഷ്മി ഇന്ന് ജെസ്‌ന ! ഏഴുവര്‍ഷം മുമ്പ് ഗവിയില്‍ നിന്ന് കാണാതായ വീട്ടമ്മയും പോയത് തെളിവുകള്‍ അവശേഷിപ്പിക്കാതെ; രണ്ടു കേസുകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണം

തിരുവനന്തപുരം: ജെസ്‌ന അപ്രത്യക്ഷയായിട്ട് നാലു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസ് പഴയ കേസുകള്‍ പൊടിതട്ടിയെടുക്കുകയാണ്.

കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്നാണു ജെസ്നയെ കാണാതായത്. ഏഴുവര്‍ഷം മുമ്പു പത്തനംതിട്ട ജില്ലയിലെ ഗവിയില്‍ നിന്ന് അപ്രത്യക്ഷയായ ഭൂലോകലക്ഷ്മിയെന്ന വീട്ടമ്മയുടെ തിരോധാനവും ജെസ്നയുടെ തിരോധാനത്തിനു സമാനമായിരുന്നു. ഒരു തെളിവും ലഭിച്ചില്ല. ഈ രണ്ടു കേസുകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന പരിശോധനയിലാണ് അന്വേഷണ സംഘം.

സീതത്തോട് ഗവി ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്ന ഭൂലോകലക്ഷ്മി(43)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചിലര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. കൊച്ചുപമ്പയില്‍ നിന്നാണ് ഭൂലോകലക്ഷ്മിയെ കാണാതാകുന്നത്. അതിനു പുറമേയാണ് ജെസ്ന കേസ് അന്വേഷണസംഘവും ഈ കേസിന്റെ വേരുകള്‍ ചികയുന്നത്.

പോലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഭൂലോകലക്ഷ്മിയുടെ തിരോധാനക്കേസ് അന്നേ തെളിയിക്കാമായിരുന്നെന്ന് വനംവകുപ്പ് വാച്ചറായ ഭര്‍ത്താവ് ഡാനിയേല്‍ കുട്ടി പറയുന്നു. കേരള വനം വികസന കോര്‍പറേഷന്‍ ജീവനക്കാരിയായ ഭൂലോകലക്ഷ്മിയെ കാണാതാകുമ്പോള്‍ ഡാനിയേല്‍ കുട്ടി തിരുനെല്‍വേലിയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ ഗവിയിലെത്തിയ ഡാനിയേല്‍ കുട്ടി കണ്ടതു ക്വാര്‍ട്ടേഴ്സ് പൂട്ടിക്കിടക്കുന്നതാണ്.

പിന്‍ജനാലയിലൂടെ നോക്കിയപ്പോള്‍ സംശയകരമായ രീതിയില്‍ കട്ടിലില്‍ ഒരു കമ്പി കിടക്കുന്നതുകണ്ടു. സഹപ്രവര്‍ത്തകരുടെയും അയല്‍ക്കാരുടെയും സഹായത്തോടെ കതകുപൊളിച്ച് അകത്തുകടന്നപ്പോള്‍ റേഡിയോ ഉള്‍പ്പെടെ പല ഉപകരണങ്ങളും നിലത്തു ചിതറിക്കിടക്കുകയായിരുന്നു.

ഭൂലോകലക്ഷ്മിയെ കാണാതായ രാത്രി അപരിചിതമായ വാഹനം ക്വാര്‍ട്ടേഴ്സിനു സമീപം കാണപ്പെട്ടതടക്കമുള്ള തെളിവുകള്‍ പോലീസ് അന്വേഷിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. വനംവകുപ്പ് ചെക്ക്്പോസ്റ്റിനു സമീപമാണു ക്വാര്‍ട്ടേഴ്സ്.

സംശയകരമായ നിരവധി തെളിവുകള്‍ ഡാനിയേല്‍ െകെമാറിയിട്ടും ലോക്കല്‍ പോലീസിനോ പിന്നീട് അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ചിനോ എന്തെങ്കിലും തുമ്പു കണ്ടെത്താനായില്ല. ശ്രീലങ്കന്‍ അഭയാര്‍ഥിയായ ഇവരെക്കുറിച്ച് പിന്നീടാരും അന്വേഷിച്ചതുമില്ല. ഡാനിയേല്‍ കോടതികള്‍ കയറിയിറങ്ങുന്നതു മാത്രം മിച്ചം.

കൊല്ലം ക്രൈംബ്രാഞ്ചാണു നിലവില്‍ ഭൂലോകലക്ഷ്മി തിരോധാനക്കേസ് അന്വേഷിക്കുന്നത്. ഒരു തുമ്പും ശേഷിപ്പിക്കാതെ ജെസ്നയെന്ന കോളജ് വിദ്യാര്‍ഥിനിയും ഭൂലോകലക്ഷ്മിയെന്ന വീട്ടമ്മയും അപ്രത്യക്ഷരായതിലെ സമാനതയാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകദൗത്യസംഘമാണു ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിനു െകെമാറുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Related posts