‘അത് വേണ്ടടാ, നമ്മളൊക്കെ അറിയുന്ന ആളുകളല്ലേ, നാളെ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ വലിയ കുഴപ്പമായി മാറും.’; അന്ന് ചാക്കോച്ചന്‍ പറഞ്ഞതു കേട്ടില്ലായിരുന്നെങ്കില്‍ പെട്ടുപോയേനേമെന്ന് ബിജുമേനോന്‍

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബിജു മേനോന്‍. ഭാര്യ സംയുക്ത വര്‍മയും ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകന്റെ ഹൃദയം കീഴടക്കിയ താരമാണ്. എങ്കിലും സംയുക്തയുമായി ഒരുമിച്ച് ഇനിയൊരു പടത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാണ് ബിജു അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

തന്റെ കൂടെ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ടെങ്കിലും അത് വലിയ പാടായിരിക്കും എന്നാണ് ബിജു പറയുന്നത്.മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകള്‍ പറയാനുണ്ടെങ്കില്‍ ചിരി വരും.

വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍. വളരെ സീരിയസ് ഡയലോഗുകള്‍ ആണ് സിനിമയിലേത്. അതിനിടയ്ക്ക് സംസാരിക്കുമ്പോഴും ഞങ്ങള്‍ക്ക് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാനും ആ ഒരു ബുദ്ധിമുട്ടാണ്ടാകും. ബിജു പറയുന്നു.

സംയുക്തയ്ക്ക് യോഗ ഒരു പാഷനാണെങ്കിലും തനിക്ക് മടിയാണെന്നാണ് ബിജു പറയുന്നത്.താന്‍ കാണുന്ന സ്വപ്‌നങ്ങളില്‍ കൂടുതലും ക്രിക്കറ്റുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും ബിജു പറയുന്നു.” ഇന്ത്യന്‍ ടീമിന്റെ സെക്യൂരിറ്റി ചുമതല സ്വപ്നത്തില്‍ എനിക്ക് ഏറ്റെടുക്കേണ്ടി വരുന്നു.

ഹര്‍ഭജന്റെ റൂമില്‍ എസി വര്‍ക്ക് ചെയ്യുന്നില്ല, ധോണിക്ക് പ്രാക്ടീസ് ചെയ്യാന്‍ പണ്ട് ഞങ്ങള്‍ താമസിച്ച വീട് ശരിയാക്കുന്നു. കൂട്ടുകാര്‍ ടിക്കറ്റിന് വേണ്ടി വരുന്നു. പിന്നൊരിക്കല്‍ കണ്ട സ്വപ്നം, കലൂര്‍ സ്റ്റേഡിയത്തിലെ കസേര മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് വൃത്തിയാക്കുന്നത്”

താന്‍ ആദ്യമായി മോഷ്ടാവായതിനെക്കുറിച്ച് ബിജു പറയുന്നതിങ്ങനെ…എന്റെ കൂട്ടുകാരന്റെ കാറുമായി പോകുന്നതിനിടെ വണ്ടി അപകടത്തില്‍പെട്ടു. എനിക്ക് കാര്യമായി ഓടിക്കാനൊന്നും അറിയില്ലായിരുന്നു. വണ്ടി ടെലിഫോണ്‍ പോസ്റ്റിലാണ് ഇടിച്ചത്.

അങ്ങനെ റിവേര്‍സ് എടുക്കാന്‍ നോക്കുമ്പോള്‍ ഓട്ടോയ്ക്കിട്ടും ഇടിച്ചു. പിന്നീട് വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയി, 800 രൂപയാകും നാളെ തന്നെ വണ്ടി തരാമെന്നു പറഞ്ഞു. പക്ഷേ പൈസയില്ല, കുറച്ച് കൂട്ടുകാര്‍ സഹായിച്ച് 200 രൂപ കിട്ടി. ബാക്കി 600 രൂപ ഉണ്ടാക്കണമെങ്കില്‍ അച്ഛന്റെ ചെക്ക് മോഷ്ടിക്കാതെ രക്ഷയില്ല. അങ്ങനെ വീട്ടിലെത്തി ആരും കാണാതെ അലമാരി തുറന്ന് ചെക്കെടുത്തപ്പോള്‍ ചേട്ടന്‍ പിടിച്ചു.

എന്നിട്ട് ഇങ്ങനെയൊരു ഡയലോഗും ‘നിനക്ക് നാണമാകില്ലേ മോഷ്ടിക്കാന്‍, അമ്മയോടോ അച്ഛനോടോ ഇക്കാര്യം പറഞ്ഞാല്‍ അവര്‍ പൈസ തരില്ലേ?’.ചേട്ടന്‍ ദേഷ്യത്തോടെയാണ് ഇതു ചോദിച്ചത്. അത് എനിക്ക് വലിയ സങ്കടമുണ്ടാക്കി.

എത്ര പൈസയാ നിനക്ക് ആവശ്യമെന്ന് ചേട്ടന്‍ ചോദിച്ചു. 800 എന്ന് ഞാന്‍ പറഞ്ഞു. എങ്കില്‍ ചെക്കില്‍ ആയിരം രൂപ എഴുതാന്‍ ചേട്ടന്‍ ആവശ്യപ്പെട്ടു. അത് എന്തിനാ ചേട്ടാ എനിക്ക് 800 മതിയെന്ന് പറഞ്ഞപ്പോള്‍ ബാക്കി 200 അവന് വേണ്ടിയാണെന്ന് പറഞ്ഞു.

അങ്ങനെയൊരു കോമഡി മോഷണം എന്റെ ജീവിതത്തില്‍ നടന്നു. ഇതിന്റെ ഹൈലൈറ്റ് ഇതൊന്നുമല്ല.ഇതൊക്കെ കഴിഞ്ഞ് സിനിമയിലെത്തി പത്ത് പതിനഞ്ച് വര്‍ഷത്തിന് ശേഷം ഈ കഥ പറഞ്ഞ് ഞങ്ങള്‍ വീട്ടിലിരുന്ന് ചിരിക്കുകയാണ്.

അപ്പോള്‍ അച്ഛന്‍ ചോദിച്ചു എന്തിനാ ചിരിക്കുന്നതെന്ന്, ചേട്ടന്‍ നടന്നകാര്യം അച്ഛനോട് പറഞ്ഞു. ഉടന്‍ ചേട്ടനെ അച്ഛന്‍ തല്ലി. ‘വൃത്തികെട്ടവനെ ഒരാളുടെ ചെക്ക് മോഷ്ടിക്കുമ്പോള്‍ പറയണ്ടേ’ ചേട്ടനെ നോക്കി അച്ഛന്‍ പറഞ്ഞു. അതും ഞങ്ങള്‍ ആസ്വദിച്ചു.

സാള്‍ട് മാംഗോ ട്രീയിലെ സിനിമയില്‍ പറയുന്നതുപോലെ ‘എലിഫന്റ് റോക്ക് എല്‍പി സ്‌കൂള്‍’ അഥവാ ആനപ്പാറ എല്‍പി സ്‌കൂളിലാണ് യഥാര്‍ഥത്തില്‍ താന്‍ പഠിച്ചതെന്ന് ബിജു മേനോന്‍ പറയുന്നു. കുഞ്ചാക്കോ ബോബനില്‍ നിന്ന് ഒരു പാട് പഠിക്കാനുണ്ടെന്ന് ബിജു പറയുന്നു.വളരെ നല്ല ഗുണങ്ങളുള്ള മനുഷ്യനാണ് ചാക്കോച്ചന്‍ എന്നേക്കാള്‍ പ്രായം കുറവാണെങ്കിലും അവനെ നോക്കി ഞാന്‍ പഠിക്കാറുണ്ട്.

ഭയങ്കര ബുദ്ധിമാനാണ് ചാക്കോച്ചന്‍. ചില തീരുമാനങ്ങള്‍ എടുക്കാനും സംശയങ്ങള്‍ ചോദിക്കാനും ഞാന്‍ അവനെ സമീപിക്കാറുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ്. പുതിയ വണ്ടി എടുത്ത് അത് റജിസ്റ്റര്‍ ചെയ്യുന്ന കാര്യം ഞാന്‍ അവനോട് ചോദിച്ചിരുന്നു. പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്യണെന്നായിരുന്നു എന്റെ മനസ്സില്‍.

‘അത് വേണ്ടടാ, നമ്മളൊക്കെ അറിയുന്ന ആളുകളല്ലേ, നാളെ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ വലിയ കുഴപ്പമായി മാറും.’-ഇങ്ങനെയാണ് ചാക്കോച്ചന്‍ പറഞ്ഞത്. അന്ന് അത് കേട്ടില്ലായിരുന്നെങ്കില്‍ ഈയിടെ വന്ന ആ ലിസ്റ്റില്‍ എന്റെ പേരും ഉണ്ടായേനെ. ബിജു പറയുന്നു.

 

 

Related posts