മട്ടന്നൂർ: നരയമ്പാറയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ചു കത്തി ബൈക്ക് യാത്രികൻ മരിച്ചു. ഇന്നു രാവിലെ ഒമ്പതോടെ മട്ടന്നൂർ-ഇരിട്ടി റോഡിൽ നരയമ്പാറ പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം. ഇരിട്ടി ഭാഗത്ത് നിന്നു മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് റോഡരികിലെ വൈദ്യുത തൂണിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത കമ്പികൾ കൂട്ടിയിടിച്ചു കത്തുകയും ബൈക്കിന് തീപിടിക്കുകയുമായിരുന്നു.
ബൈക്ക് ഓവുചാലിൽ വീഴുകയും ചെയ്തു. ബൈക്ക് കത്തുന്നത് കണ്ട സമീപവാസികൾ വെള്ളം ഉപയോഗിച്ചാണ് കെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ബൈക്ക് യാത്രികനെ നാട്ടുകാർ പുറത്തെടുത്തു കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ തകർന്നു. ബൈക്കിലുണ്ടായിരുന്ന തുണികളും സാധനങ്ങളും അടക്കം കത്തി നശിച്ചു. ബൈക്ക് വൈദ്യുത തൂണിലിടിച്ചപ്പോൾ ബൈക്കിന്റെ പെട്രോൾ ലീക്കായതായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബംഗ്ലൂരിൽ നിന്നു തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. മട്ടന്നൂരിൽ നിന്നു അഗ്നിശമന വിഭാഗവും മട്ടന്നൂർ എസ്ഐ നൗഷാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു.
