ബംഗ്ലാദേശിലെ കിഷോർഗഞ്ചിലെ ഭൈരബ് റെയിൽവേ സ്റ്റേഷനിൽ നടന്ന നടുക്കുന്ന ഒരു അപകടത്തിൽ നിന്ന് ഒരു വയസ്സുകാരനായ മകനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് പിതാവ്.
ധാക്കയിലേക്ക് പോകുകയായിരുന്ന തിതാസ് കമ്മ്യൂട്ടർ ട്രെയിനിലായിരുന്നു സംഭവം. ഒന്നര മണിക്കൂർ വൈകിയെത്തിയ ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ, തിരക്കിട്ട് പുറത്തിറങ്ങാൻ ശ്രമിച്ച പിതാവിന്റെ കൈയ്യിൽ നിന്ന് കുട്ടി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലുള്ള ഇടുങ്ങിയ വിടവിലേക്ക് വീഴുകയായിരുന്നു.
തുടർന്ന് ഒട്ടും മടിക്കാതെ താഴേക്ക് ചാടിയ പിതാവ് കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് പ്ലാറ്റ്ഫോം ഭിത്തിയോട് ചേർന്ന് തറയിൽ പരന്നു കിടന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ പോയതിനുശേഷം ആളുകൾ തടിച്ചുകൂടുകയും ട്രെയിനിന്റെ ബോഗികൾക്ക് ഇടയിൽപെട്ട രണ്ടുപേരെയും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുകയും വേണ്ട പരിഹാരങ്ങൾ ചെയ്യുകയും ചെയ്തു.
ട്രെയിനിന്റെ ബോഗികൾ അവർക്ക് മുകളിലൂടെ കടന്നുപോയിട്ടും, ഒരു പോറൽ പോലും ഏൽക്കാതെ ഇരുവരും രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
