തെരക്കേറിയ റോഡിൽ ഒറ്റ ബൈക്കിൽ നാലുപേർ കയറി അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തിയ നാല് യുവാക്കളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ മറ്റ് യാത്രക്കാരുടെ സുരക്ഷ പോലും വകവെക്കാതെ കൂട്ടുകാരന്റെ തോളിലിരുന്നാണ് യാത്ര ചെയ്തത്.
അഹമ്മദാബാദിലെ എലിസ്ബ്രിഡ്ജ് പ്രദേശത്ത് സെപ്റ്റംബർ 20ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ നാല് പേരെയും കുത്തിനിറച്ച്, വണ്ടി അപകടകരമായി വെട്ടിച്ചെടുത്ത് നടത്തിയ ഈ യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ എലിസ്ബ്രിഡ്ജ് പോലീസ് ഉടനടി ഇടപെടുകയും സെപ്റ്റംബർ 21ന് രാവിലെ തന്നെ നാല് പേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഗീ കാന്ത നിവാസികളായ അശോക് ഠാക്കൂർ, അൽകേഷ് കനോജിയ, മിതേഷ് ഝാല എന്നിവരുൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്.
പൊതുജനങ്ങളുടെ ജീവന് ആപത്തുണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചതിനും ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും ഭാരതീയ ന്യായ സംഹിത (BNS), മോട്ടോർ വാഹന നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
