കോട്ടയം: പാലാ നഗരസഭയില്‍ എങ്ങനെ ഭരണം പിടിക്കാമെന്ന് യുഡിഎഫും എല്‍ഡിഎഫും തന്ത്രങ്ങള്‍ മെനയുമ്പോള്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരന് ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകള്‍ ദിയ പുളിക്കക്കണ്ടം എന്നിവര്‍ പഴനി, വേളാങ്കണ്ണി തീര്‍ഥാടനം നടത്തി. നേര്‍ച്ചയുടെ ഭാഗമായി ബിനുവും ബിജുവും തല മുണ്ഡനം ചെയ്യുകയും ചെയ്തു.
ബിനു കഴിഞ്ഞ 20 വര്‍ഷമായി ഓരോ തെരഞ്ഞെടുപ്പിലും വിജയിച്ചു കഴിയുമ്പോള്‍ പഴനിയിലും വേളാങ്കണ്ണിയിലും തീര്‍ഥാടനം പതിവാണ്. ഇത്തവണ സ്വതന്ത്ര കൂട്ടായ്മയില്‍ മത്സരിച്ചു വിജയിച്ച സഹോദരന് ബിജുവിനെയും മകളെയും തീര്‍ഥാടനത്തിനു കൂട്ടി. എതാനും പ്രവര്‍ത്തകരെയും കൂടെ കൊണ്ടുപോയിരുന്നു. ബസിലായിരുന്നു പ്രവര്‍ത്തകര്‍ക്കൊപ്പം തീര്‍ഥയാത്ര.
തീര്‍ഥാടനത്തിനു ശേഷം ഇന്നലെ വൈകുന്നേരം പാലാ മുരിക്കുംപുഴയിലുള്ള വീട്ടില്‍ തിരിച്ചെത്തി. ഭാവി തീരുമാനങ്ങള്‍ക്കായി 21നു സത്യപ്രതിജ്ഞയ്ക്കു ശേഷം മൂന്നു വാര്‍ഡിലെയും സംയുക്ത ജനസഭ വിളിച്ചുചേര്‍ത്തിട്ടുണ്ട്. വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കക്കണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍മാന്‍ഷന്‍ ഓഡിറ്റോറിയത്തിലാണ് ജനസഭ.
സ്വതന്ത്ര കൂട്ടായ്മ കൗണ്‍സിലർമാരുടെ ഭാവി പ്രവര്‍ത്തനപരിപാടികള്‍ക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്. യുഡിഎഫ് മൂന്നു പേര്‍ക്കെതിരേയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.
സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ചവര്‍ യുഡിഎഫിനൊപ്പമാണെന്നും യുഡിഎഫ് പാലാ നഗരസഭ ഭരിക്കുമെന്നും കേരള കോണ്‍ഗ്രസ്-എമ്മിനെ പരാജയപ്പെടുത്തുകയെന്നത് അജൻഡയാണെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.
എല്‍ഡിഎഫ് നേതൃത്വവും മൂവരുടെയും പിന്തുണ നേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാലായിലെ ജനവിധി അംഗീകരിച്ച് പ്രതിപക്ഷത്തിരിക്കുമെന്നാണാണ് ഇന്നലെ കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിച്ചത്.ആര്‍ക്കും ഒരു പിന്തുണയും വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇരു മുന്നണികളും സമീപിച്ചിരുന്നെന്നും ജനസഭയിലെ ഭൂരിപക്ഷ അഭിപ്രായത്തില്‍ തീരുമാനമെടുക്കുമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
