തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ച ആരോപണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ഹൃദയാഘാതത്തെ തുടർന്നാണ് ബിസ്മീർ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് എത്തിച്ച ബിസ്മിറിനെ പ്രാഥമിക ചികില്‍സ പോലും നല്‍കാതെ മെഡിക്കല്‍ കോളജിലേക്ക് അയച്ചുവെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം തുടർ നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകൾ. വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഇരു സംഘടനകളും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
