കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ. റാമിനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ.
ഡോ. റാം ബോഡി ഷെയ്മിംഗ് നടത്തുന്നത് പതിവെന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തി.
ഇയാൾക്കെതിരേ രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്. കോളജില്‍ സ്റ്റാഫ് റാഗിംഗ് ഉണ്ടെന്നും നിറത്തിന്റെ പേരിലടക്കം കടുത്ത ബോഡി ഷെയിമിംഗ് റാം നടത്തിയിട്ടുണ്ടെന്നും വിദ്യാർഥികള്‍ ആരോപിച്ചു. പലതവണ കോളജിൽ പരാതി എഴുതി നല്‍കിയെങ്കിലും ഫയലില്‍ സ്വീകരിച്ചില്ല.
ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്കിന്നി, ആർ യു എ കാൻസർ പേഷ്യന്റ് എന്നുവരെ വിളിക്കാറുണ്ട്. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിനു പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്നു വിദ്യാർഥിനി പറഞ്ഞു. ആൺകുട്ടികളെ അധ്യാപകൻ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു.
പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്കു നിർദേശം നൽകും. തിരിച്ച് പ്രതികരിക്കാൻ കഴിയില്ല. തല്ലാൻ വരുന്ന ആൺകുട്ടിക്കും മറ്റു മാർഗമില്ല. ആ കുട്ടിയും നിസഹായനാണെന്ന് വിദ്യാർഥിനി പറയുന്നു.
അതേസമയം, കോളജിനെതിരേ പ്രത്യക്ഷസമരത്തിലാണ് വിദ്യാർഥികൾ. ഇന്നലെ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു. നീതി ലഭിക്കുന്നതുവരെ ക്ലാസുകള്‍ ബഹിഷ്കരിക്കാനാണ് വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം.
