ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ആഹ്വാനം ശക്തിപ്രാപിക്കുന്നു ! പൂര്‍ണമായും ചൈനീസ് മുക്തമായി പൂനയിലെ ഒരു ഗ്രാമം; ചൈനയുടെ നിക്ഷേപ പദ്ധതികള്‍ മരവിപ്പിച്ച് സര്‍ക്കാരുകള്‍; ചൈന വിരുദ്ധത ഉത്തരേന്ത്യയില്‍ പടരുന്നതിങ്ങനെ…

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമാകുന്നു. ഇന്ത്യന്‍ സൈന്യത്തിനു നേരെ ചൈന നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഈ ആഹ്വാനം കത്തിപ്പടരുന്നത്.

പൂനയിലെ ഒരു ഗ്രാമം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയാണ് വാര്‍ത്താപ്രാധാന്യം നേടുന്നത്.

നഗരാതിര്‍ത്തിയിലുള്ള കോണ്ടവേ-ധാവഡേ ഗ്രാമമാണ് ചൈനീസ് ഉത്പന്നങ്ങള്‍ പടിക്കുപുറത്താക്കിയത്.

പൊതുമരാമത്ത് ജോലികളിലൊന്നും ചൈനീസ് സാമഗ്രികള്‍ ഉപയോഗിക്കരുതെന്ന് ഗ്രാമസഭ പാസാക്കിയ പ്രമേയത്തില്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ ഗ്രാമത്തിലെ മുഴുവന്‍ കച്ചവടസ്ഥാപനങ്ങളും ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഗ്രാമസഭ പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ ഗ്രാമത്തില്‍ നിന്നു നിരവധി ആളുകള്‍ പണ്ടു മുതല്‍തന്നെ പട്ടാളക്കാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. അതിനാല്‍ തന്നെ രാജ്യസുരക്ഷയ്ക്ക് വിരുദ്ധമായ ഒരു കാര്യങ്ങളും ഗ്രാമീണര്‍ പ്രോത്സാഹിപ്പിക്കില്ലെന്നതിന്റെ തെളിവാണ് ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ തീരുമാനം ഗ്രാമസഭ ഐകകണ്ഠ്യേന അംഗീകരിച്ചതിലൂടെ വ്യക്തമാക്കുന്നതെന്ന് സഭാധ്യക്ഷന്‍ നിതിന്‍ ധവാഡെ പ്രതികരിച്ചത്.

ഗാല്‍വന്‍ സംഭവത്തില്‍ പ്രതിഷേധിച്ച് 5000 കോടിയുടെ പുണെയിലെ മൂന്ന് ചൈനീസ് നിക്ഷേപ പദ്ധതികള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രണ്ടുദിവസംമുമ്പ് മരവിപ്പിച്ചിരുന്നു.

ഇന്ത്യന്‍ സൈനികരെ അതിക്രമത്തിലൂടെ കൊലപ്പെടുത്തിയ ചൈനയ്‌ക്കെതിരേ സമ്പൂര്‍ണ ബഹിഷ്‌ക്കരണത്തിനാണ് ഡല്‍ഹിയിലെ ഹോട്ടല്‍ ഉടമകള്‍ ഒരുങ്ങുന്നത്.

ഹോട്ടലുകളില്‍ ഇനി ചൈനീസ് ഭക്ഷണങ്ങള്‍ ഒരുക്കില്ലെന്നും ചൈനക്കാരെ താമസിപ്പിക്കേണ്ടതില്ലെന്നും ഡല്‍ഹി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി.) തുടങ്ങിവെച്ച ചൈനാവിരുദ്ധ പ്രചാരണത്തിന് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു. ചൈനീസ് ഉത്പന്നങ്ങളൊന്നും വില്‍ക്കേണ്ടന്നാണ് തീരുമാനം.

‘ഹോട്ടലുകളില്‍ താമസിക്കാനെത്തുന്ന ചൈനീസ് അതിഥികള്‍ക്ക് മുറികള്‍ അനുവദിക്കില്ല.ഈ രാജ്യത്തെ ഓരോരുത്തരും സ്വന്തം രീതിയില്‍ ചൈനീസ് അതിക്രമത്തിനെതിരേ പ്രതിഷേധിക്കുന്നു.

ചൈനക്കാരെ ഞങ്ങളുടെ ഹോട്ടലുകളില്‍ താമസിപ്പിക്കേണ്ടെന്നാണ് തീരുമാനം. ഇതു ഞങ്ങളുടെ പ്രതിഷേധമാണ്’ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മഹേന്ദ്ര ഗുപ്ത മാധ്യമങ്ങളോടു പറഞ്ഞു.രാജ്യമാണ് മറ്റെന്തിനേക്കാള്‍ വലുതെന്നും ഗുപ്ത അഭിപ്രായപ്പെട്ടു.

തങ്ങളുടെ ചൈനാവിരുദ്ധ പ്രചാരണത്തില്‍ വ്യാപകമായ ജനപിന്തുണ ലഭിക്കുന്നുണ്ടെന്ന് സി.എ.ഐ.ടി. സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം റിലയന്‍സ് ജിയോ ചൈനീസ് കമ്പനിയായ വാവെയുമായുള്ള കരാറുകള്‍ റദ്ദാക്കിയിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി അടക്കമുള്ളവര്‍ ചൈന ബഹിഷ്‌ക്കരണത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ട്.

പുതിയ സാഹചര്യത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ചൈനയുമായുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ്.

ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതികളും ചൈനീസ് വ്യാപാരവും കുറയ്ക്കാനാണ് ഇന്ത്യന്‍ വ്യാപാരികള്‍ ഒരുങ്ങുന്നത്. 500 ഇന ബഹിഷ്‌കരണ പദ്ധതികളും തയ്യാറാക്കിയിരുന്നു.

2020 ഫെബ്രുവരിവരെയുള്ള കണക്കുപ്രകാരം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി ഏകദേശം 4700 കോടി ഡോളര്‍ (3.58 ലക്ഷം കോടി രൂപ) ആണ്.

അതിനര്‍ഥം 3.58 ലക്ഷം കോടിയുടെ വസ്തുക്കള്‍ ഇന്ത്യ അധികമായി ഇറക്കുമതി ചെയ്യുന്നെന്നാണ്. അസംസ്‌കൃതവസ്തുക്കള്‍ കൂടുതല്‍ കയറ്റുമതി ചെയ്യുമ്പോള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും രാസസംയുക്തങ്ങളും ഉപഭോക്തൃ ഉത്പന്നങ്ങളുമാണ് ഇറക്കുമതി ചെയ്യുന്നത്.

ഔഷധനിര്‍മ്മാണം, സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക്- ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, വലിയ യന്ത്രങ്ങളും അവയുടെ ഘടകങ്ങളും തുടങ്ങി എല്ലാ മേഖലയിലും ഇന്ത്യന്‍ വിപണിയില്‍ കാണുന്നത് ചൈനയുടെ സമ്പൂര്‍ണാധിപത്യമാണ്.

ചൈനയിലെ ഒരു വീട്ടില്‍പ്പോലും ഇന്ത്യന്‍നിര്‍മ്മിത ഉത്പന്നങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ഇന്ത്യന്‍ വീടുകള്‍ ചൈനീസ് ഉത്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അതിനാല്‍ തന്നെ ഒറ്റ ദിവസം കൊണ്ടുള്ള ചൈനീസ് ബഹിഷ്‌കരണം അസാധ്യമാണ്. സമാന്തരമായ വഴികള്‍ കണ്ടെത്തുകയും സ്വയം പര്യാപ്തത കൈവരിക്കുകയുമാണ് ചൈനീസ് ഭീഷണിയെ മറികടക്കാനുള്ള പ്രതിവിധി. വര്‍ഷങ്ങളുടെ പരിശ്രമം ഇതിന് വേണ്ടി വന്നേക്കും എന്നു ചുരുക്കം.

Related posts

Leave a Comment