സഹോദരബന്ധത്തിന്റെ ആഴവും കരുതലും വ്യക്തമാക്കുന്ന മനോഹരമായൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കനത്ത മഴയിലും വെള്ളക്കെട്ടിലും തന്റെ അനിയത്തിക്ക് കുടയായി മാറുകയും, തെരുവുനായയെ ഭയന്നുപോകാതെ തുരത്തുകയും ചെയ്ത ഒരു കൊച്ചുബാലന്റെ വീഡിയോയാണ് ഇന്റർനെറ്റിന്റെ മനം കവരുന്നത്.
രക്ഷാബന്ധൻ ആഘോഷങ്ങളോട് അനുബന്ധിച്ച് ‘ഘർ കേ കലേഷ്’ എന്ന എക്സ് ഹാൻഡിലിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.റോഡിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾക്കിടയിലൂടെയും വെള്ളക്കെട്ടുകളിലൂടെയും നടക്കുമ്പോൾ ഒരു വലിയ ഷാൾ കൊണ്ട് അനിയത്തിയെ പൂർണമായും മറച്ചുപിടിക്കുകയാണ്.
കുട്ടി സ്വയം മഴ നനയുമ്പോഴും പെങ്ങളിലേക്ക് മഴത്തുള്ളികൾ വീഴാതെ ശ്രദ്ധിക്കുന്നുണ്ട്. ഇതിനിടയിൽ ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ നായയെ അല്പം പോലും ഭയപ്പെടാതെ, അനിയത്തിക്ക് ഒരു പോറൽ പോലും ഏൽക്കാതെ അവൻ ആട്ടിയോടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നാടിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാബന്ധൻ ആഘോഷിക്കുമ്പോൾ, സാഹോദര്യത്തിന്റെ യഥാർഥ അർഥം തെളിയിക്കുന്നതാണ് ഈ രംഗങ്ങളെന്നാണ് നെറ്റിസൺസ് കുറിക്കുന്നത്. “പെങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ സഹോദരന്മാർക്ക് കഴിയും” എന്നും “രക്ഷാബന്ധൻ ദിനത്തിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ചയാണിത്” എന്നും തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
