പരവൂർ: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ടെലികോം സേവന ദാതാവായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഉജ്വല സാമ്പത്തിക മുന്നേറ്റം കാഴ്ചവച്ചു.ശക്തമായ എന്റർപ്രൈസ് ബിസിനസ് വളർച്ചയും ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനത്തിൽ ഉണ്ടായ പുരോഗതിയുമാണ് ബിഎസ്എൻഎല്ലിന് തുണയായത്. ഇതിന്റെ ഫലമായി മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രവർത്തന വരുമാനത്തിൽ പത്ത് ശതമാനത്തിന്റെ ഗണ്യമായ വർധനയാണ് കമ്പനി രേഖപ്പെടുത്തിയത്. താൽക്കാലിക കണക്കുകൾ പ്രകാരം 4,418 കോടി രൂപയാണ് ആദ്യ പാദത്തിൽ കമ്പനി സ്വന്തമാക്കിയത്.
കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷമാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ ഈ മികച്ച സാമ്പത്തിക നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 4,017 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 401 കോടി രൂപയുടെ അധിക വരുമാനമാണ് ബിഎസ്എൻഎൽ ഖജനാവിലേക്ക് എത്തിയത്.
കമ്പനിയുടെ ബിസിനസ് ഘടനയിൽ എന്റർപ്രൈസ് വിഭാഗവും കസ്റ്റമർ മൊബിലിറ്റി വിഭാഗവുമാണ് ഇത്തവണ മികച്ച സാമ്പത്തിക വളർച്ചയ്ക്ക് കരുത്തുപകർന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.അതേസമയം ഫിക്സഡ് ആക്സസ് അടക്കമുള്ള മറ്റ് ചില പരമ്പരാഗത വിഭാഗങ്ങളിൽ കാര്യമായ മാറ്റങ്ങളില്ലാതെ വരുമാനം നിലനിന്നു.
രാജ്യവ്യാപകമായി ബിഎസ്എൻഎൽ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 22,000 പുതിയ 4- ജി സൈറ്റുകൾ കൂടി ഉടൻ ആരംഭിക്കാനുള്ള വിപുലമായ പദ്ധതികളുമായി കമ്പനി മുന്നോട്ട് പോവുകയാണ്.ഈ നവീകരണ പദ്ധതിയുടെ ഒരു പ്രധാന ഭാഗത്തിനായുള്ള ഓർഡറുകൾ ഇതിനകം തന്നെ ഔദ്യോഗികമായി നൽകിക്കഴിഞ്ഞതായും മന്ത്രാലയം അധികൃതർ കൂട്ടിച്ചേർത്തു.വരും പാദങ്ങളിലും സമാനമായ രീതിയിൽ മികച്ച സാമ്പത്തിക മുന്നേറ്റവും മികച്ച സേവനങ്ങളും കാഴ്ചവയ്ക്കാൻ പൊതുമേഖലാ ടെലികോം കമ്പനിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
