പരവൂർ: ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ 10 കിലോഗ്രാമിന്റെ എൽപിജി കോമ്പോസിറ്റ് സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി വിപണിയിലിറക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ പദ്ധതിയിടുന്നു.
നിലവിൽ ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം നൽകുന്ന ഈ സിലിണ്ടറുകൾ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വാണിജ്യ നിരക്കിൽ വിപണിയിലെത്തിക്കാനാണ് എണ്ണ വിപണന കമ്പനികളുടെ ആലോചന. കുറഞ്ഞ അളവിൽ ഇന്ധനം ആവശ്യമുള്ള ചെറുകിട വ്യാപാരികൾക്കും സാധാരണക്കാർക്കും വലിയ ആശ്വാസമേകുന്നതാണ് ഈ പുതിയ നീക്കം.
വലിയ തോതിൽ ഇന്ധനം ആവശ്യമില്ലാത്ത കഫേകൾ, തട്ടുകടകൾ, ചെറുകിട ഭക്ഷണശാലകൾ എന്നിവയ്ക്ക് പുറമെ ഇതിരസംസ്ഥാന തൊഴിലാളികൾ, വാടകയ്ക്ക് താമസിക്കുന്നവർ, വിദ്യാർഥികൾ, വഴിയോര കച്ചവടക്കാർ എന്നിവർക്കും ഈ പദ്ധതി വലിയ രീതിയിൽ പ്രയോജനം ചെയ്യും. നിലവിൽ വാണിജ്യ ആവശ്യങ്ങൾക്കായി 19 കിലോഗ്രാം, അഞ്ച് കിലോഗ്രാം, രണ്ട് കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളാണ് എണ്ണക്കമ്പനികൾ വിപണിയിലെത്തിക്കുന്നത്. നിലവിലെ വിപണി സാഹചര്യം അനുസരിച്ച് വാണിജ്യ ഗ്യാസിന് ഗാർഹിക ഗ്യാസിനേക്കാൾ 133 ശതമാനം അധികം നിരക്കുണ്ട്.
ഹൈ-ഡെൻസിറ്റി പോളിയെത്തിലീൻ എന്ന അത്യാധുനിക കോമ്പോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ സിലിണ്ടറുകൾ നിർമിച്ചിരിക്കുന്നത്. പരമ്പരാഗത ഇരുമ്പ് സിലിണ്ടറുകളെ അപേക്ഷിച്ച് ഇവയ്ക്ക് 50 ശതമാനത്തോളം ഭാരം കുറവാണ്. ഭാരക്കുറവ് ഉള്ളതിനാൽ ഫ്ലാറ്റുകളിലെയും കെട്ടിടങ്ങളിലെയും മുകൾനിലകളിലേക്ക് ഇവ എളുപ്പത്തിൽ എത്തിക്കാൻ സാധിക്കുമെന്നത് വലിയ നേട്ടമാണ്.
സിലിണ്ടറിന്റെ ഉൾഭാഗം ഭാഗികമായി കാണാൻ കഴിയുന്ന രീതിയിലുള്ള സുതാര്യമായ രൂപകൽപനയായതിനാൽ പ്രത്യേക ഗേജുകളുടെ സഹായമില്ലാതെ തന്നെ ഉള്ളിലെ ഗ്യാസിന്റെ അളവ് കൃത്യമായി മനസിലാക്കാനും അടുത്ത റീഫില്ലിംഗ് മുൻകൂട്ടി നിശ്ചയിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് എണ്ണക്കമ്പനി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖലാ കമ്പനികളെല്ലാം തന്നെ നിലവിൽ പരിമിതമായ രീതിയിൽ ഗാർഹിക മേഖലയിൽ ഈ സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ട്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് 2019-ൽ എച്ച്പി ഗ്യാസ് ഓജസ് എന്ന പേരിലും, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2021-ൽ ഇൻഡേൻ എക്സ്ട്രാ ലൈറ്റ് എന്ന പേരിലും ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഇൻഡേൻ സിലിണ്ടറുകൾക്ക് നിലവിൽ ഏഴ് ലക്ഷത്തോളം വരിക്കാരുണ്ട്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഈ വർഷം ജനുവരിയിൽ ഭാരത് ഗ്യാസ് ലൈറ്റ് പുറത്തിറക്കിയെങ്കിലും പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് എൽപിജി വിതരണത്തിലുണ്ടായ തടസങ്ങൾ കാരണം വിപണി വിപുലീകരണം താത്ക്കാലികമായി പരിമിതപ്പെടുത്തേണ്ടി വന്നിരുന്നു. പുതിയ നീക്കത്തിലൂടെ വാണിജ്യ വിപണിയിൽ വലിയ ചലനം സൃഷ്ടിക്കാനാണ് കമ്പനികളുടെ ലക്ഷ്യം.
- എസ്. ആർ. സുധീർ കുമാർ
