ന്യൂഡൽഹി: 2019 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യ, മുതിർന്ന താരങ്ങളായ എം.എസ്.ധോണിയുടെയും യുവരാജ്സിംഗിന്റെയും കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് മുൻ നായകൻ രാഹുൽ ദ്രാവിഡ്. ക്രിക്ഇൻഫോയ്ക്കു നൽകിയ അഭിമുഖത്തിൽ ഇരുവരുടെയും ഭാവി സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന താരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സെലക്ടർമാരാണെന്നും ദ്രാവിഡ് വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പരിഗണിക്കുന്പോൾ ധോണിയുടെയും യുവിയുടെയും സ്ഥാനം എവിടെ എന്നതിൽ സെലക്ടർമാർ സ്വീകരിക്കുന്ന നിലപാടാണ് നിർണായകം. ഇരുവരെയും നിലനിർത്തണോ ഒരാളെ മാത്രം നിലനിർത്തണോ എന്ന് സെലക്ടർമാരാണ് തീരുമാനിക്കേണ്ടത്. മുതിർന്ന താരങ്ങളുടെയും ടീമിനു പുറത്തുള്ള യുവകളിക്കാരുടെയും പ്രകടനങ്ങൾ താരതമ്യം ചെയ്തുനോക്കിയാൽ തെരഞ്ഞെടുപ്പ് എളുപ്പമാകും- ദ്രാവിഡ് പറഞ്ഞു. ചാന്പ്യൻസ് ട്രോഫിക്കു ശേഷം വെസ്റ്റിൻഡീസ് പര്യടനമാണ് ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്ന അടുത്ത കടന്പ. പരിശീലക സ്ഥാനത്തുനിന്നു അനിൽ കുംബ്ലെ രാജിവച്ചതിനെ തുടർന്ന് പരിശീലകനില്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിൽനിന്നു വണ്ടികയറിയത്.
Read MoreCategory: Sports
എയ്ഗോണിൽ അട്ടിമറി: ആൻഡി മുറെ ആദ്യ റൗണ്ടിൽ പുറത്ത്
ലണ്ടൻ: എയ്ഗോൺ ചാമ്പ്യൻഷിപ്പിൽനിന്നും നിലവിലെ ചാമ്പ്യൻ ആൻഡി മുറെ ആദ്യ റൗണ്ടിൽ പുറത്തായി. ലോക 90 ാം നമ്പർ താരം ജോർദാൻ തോംപ്സൺ മുറയെ അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മുറെയുടെ തോൽവി. ആദ്യ സെറ്റ് കനത്തപോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിലാണ് മുറെ വിട്ടുനൽകിയത്. എന്നാൽ രണ്ടാം സെറ്റ് അനായാസം ജോർദാൻ മുറെയിൽനിന്നും 6-2 ന് പിടിച്ചെടുത്തു. സ്കോർ: 7-6 (7-4), 6-2. ക്വീൻസ് ക്ലബിൽ ഇതാദ്യമായാണ് മുറെ ആദ്യ റൗണ്ടിൽ പുറത്താകുന്നത്. രണ്ടാം സീഡ് സ്റ്റാൻ വാവ്റിങ്കയും മൂന്നാം സീഡ് മിലോസ് റോണിക്കും ഒന്നാം റൗണ്ടിൽ പുറത്തായിരുന്നു.
Read Moreപോരിനുമില്ല കൂടെപോരാനുമില്ല; കോഹ്ലിയുമായി തെറ്റി കുംബ്ലെ രാജിവച്ചു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലക സ്ഥാനത്തുനിന്നും അനിൽ കുംബ്ലെ രാജിവച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇംഗ്ലണ്ടിലെത്തിയപ്പോൾ മുതൽ നായകന്റെയും പരിശീലകന്റെയും അകൽച്ച പാരമ്യത്തിലെത്തിയിരുന്നു. വെസ്റ്റിൻഡീസ് പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ ടീമിനൊപ്പം കുംബ്ലെ ചേർന്നിരുന്നില്ല. ഐസിസി യോഗത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാലാണ് കുംബ്ലെ ടീമിനൊപ്പം വെസ്റ്റിൻഡീസിലേക്ക് പോകാത്തതെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ മണിക്കൂറുകൾക്കകം കുംബ്ലെ രാജി പ്രഖ്യാപിക്കുകയും ചെയ്തു.
Read Moreനീ പോകരുത്, നിന്നെ വേണമെന്ന് സിദാന് റൊണാള്‍ഡോയോട്
മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാന്‍ ഒരുങ്ങുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് അപേക്ഷയുമായി പരിശീലകന് സിനദിന്‍ സിദാന്. ക്ലബ് വിട്ടുപോകരുതെന്ന് സിദാന് വളരെ വികാരഭരിതനായി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കളിക്കാന്‍ റഷ്യയിലുള്ള റൊണാള്‍ഡോയെ ഫോണില്‍ വിളിച്ചാണ് സിദാന് ആവശ്യമുന്നയിച്ചത്. എന്നാല്‍, നികുതിക്കേസില്‍ കുടുങ്ങിയതില്‍ തനിക്കു വളരെ വിഷമമുണ്ടെന്നും സ്പെയിനിലെ ഇത്തരത്തിലുള്ള നിയമങ്ങളോട് യോജിക്കാനാവില്ലെന്നുമാണ് റൊണാള്‍ഡോയുടെ നിലപാട്. അതുകൊണ്ടുതന്നെ താന്‍ റയല്‍ വിടുമെന്ന് റൊണാള്‍ഡോ ആവര്‍ത്തിച്ചു. സിദാനു പുറമേ, നായകന് സെര്‍ജി റാമോസും ഇതേ ആവശ്യവുമായി രംഗത്തെത്തി. റൊണാള്‍ഡോ 23 ലക്ഷം ഡോളറിന്റെ ടാക്സ് വെട്ടിപ്പു നടത്തിയെന്നാണ് സ്പാനിഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ടാക്സ് വെട്ടിപ്പുകേസില്‍ ബാഴ്സ താരം ലയണല്‍ മെസിക്ക് രണ്ടു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു.
Read Moreഓസ്ട്രേലിയൻ പോരാട്ടവീര്യത്തെ മറികടന്ന് ജർമനി രക്ഷപ്പെട്ടു
മോസ്കോ: കോണ്‍ഫെഡറേഷൻസ് കപ്പ് ഫുട്ബോളിൽ കരുത്തരായ ജർമനി വിറച്ചു ജയിച്ചു. ഉജ്വലമായി കളിച്ച ഓസ്ട്രേലിയയ്ക്കെതിരേ രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു ജർമനിയുടെ വിജയം. യുവനിരയുമായെത്തിയ ലോകചാന്പ്യന്മാരായ ജർമനിക്കു വേണ്ടി ആദ്യം സ്കോർ ചെയ്തത് അഞ്ചാം മിനിറ്റിൽ ലോർസ് സ്റ്റിൻഡിൽ ആയിരുന്നു. എന്നാൽ, 41-ാം മിനിറ്റിൽ തോമസ് റോജിക്കിലൂടെ ഓസ്ട്രേലിയ സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളിൽ ഓസ്ട്രേലിയ ലീഡ് നേടി. നായകൻ ജൂലിയൻ ഡ്രാക്സ്ലറായിരുന്നു സ്കോറർ. 48-ാം മിനിറ്റിൽ ലിയോണ്‍ ഗൊറേറ്റ്കയിലൂടെ ജർമനി ലീഡ് മൂന്നാക്കി ഉയർത്തി. 56-ാം മിനിറ്റിൽ തോമിസ്ലാവ് ജൂറിക് ഒരു ഗോൾ കൂടി നേടി ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ, കൂടുതൽ ഗോൾ നേടാനുള്ള ഓസ്ട്രേലിയയുടെ ശ്രമം ജർമൻ പ്രതിരോധ മതിലിൽ തട്ടി തകർന്നു.ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ് ജർമനിയുടേത്.ലോകകപ്പ് നേടിയ ടീമിലെ മൂന്നുപേർ മാത്രമാണ് കളിക്കുന്നത്.
Read Moreഐസിസി റാങ്കിംഗിൽ പാക്കിസ്ഥാന് സ്ഥാനക്കയറ്റം
ദുബായ്: ചാന്പ്യൻസ് ട്രോഫി കിരീട നേട്ടത്തെ തുടർന്ന് ഐസിസി ഏകദിന റാങ്കിംഗിൽ പാക്കിസ്ഥാൻ നില മെച്ചപ്പെടുത്തി. എട്ടാം സ്ഥാനത്തായിരുന്ന അവർ പുതിയ റാങ്കിംഗിൽ ആറാം സ്ഥാനത്തേയ്ക്ക് കയറി. ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ പിന്തളളിയാണ് ആറാം സ്ഥാനത്തേയ്ക്ക് പാക്കിസ്ഥാൻ എത്തിയത്. ബംഗ്ലാദേശ് ഏഴും ശ്രീലങ്ക എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബാറ്റ്സ്മാൻമാരിൽ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തു തുടരുകയാണ്. 10-ാം സ്ഥാനത്തുള്ള ശിഖർ ധവാൻ മാത്രമാണ് കോഹ്ലിയെ കൂടാതെ ആദ്യ പത്തിലുള്ള ഇന്ത്യൻ താരം.
Read Moreകിഡംബി ശ്രീകാന്തിന് ഇന്തോനേഷ്യൻ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം
ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ കിഡംബി ശ്രീകാന്ത് മനോഹരമായി ഒരാഴ്ച പൂര്‍ത്തിയാക്കി. ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ടാണ് ലോക 22-ാം റാങ്ക് താരം ആഴ്ച പൂര്‍ത്തിയാക്കിയത്. വെറും 37 മിനിറ്റുകൊണ്ട് ജപ്പാന്റെ കസുമാസ സകായിയെ 21-11, 21-19ന് തകര്‍ത്തു. ശ്രീകാന്തിന്റെ കരിയറിലെ രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണ്. ആദ്യമായാണ് ശ്രീകാന്തും കസുമാസയും ഏറ്റുമുട്ടുന്നത്. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സണ്‍ വാന്‍ ഹോയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ശ്രീകാന്ത് ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ജാപ്പനീസ് താരം 7-3ന്റെ ലീഡ് നേടി. ഇടവേളയ്ക്കു പിരിയുമ്പോള്‍ സകായി 11-6ന്റെ ലീഡിലായിരുന്നു. ഇടവേളയ്ക്കുശേഷം ശ്രീകാന്ത് ആക്രമണ മൂഡിലേക്കെത്തി. പിന്നീട് ഒപ്പത്തിനൊപ്പം പൊരുതി. 19-19ലെത്തിയപ്പോള്‍ ശ്രീകാന്ത് ഉജ്വലമായ രണ്ടു സ്മാഷുകളിലൂടെ ഗെയിമും കിരീടവും സ്വന്തമാക്കി.
Read Moreപാക് ജയഭേരി; ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം പാക്കിസ്ഥാന്
ഓവല്‍: ഇംഗ്ലണ്ടിലെ സായാഹ്നത്തില്‍ ഉയര്‍ന്നു കേട്ടത് പാക്കിസ്ഥാന്റെ വിജയഭേരി. ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ യഥാര്‍ഥ ചാമ്പ്യന്‍ പാക്കിസ്ഥാന്‍തന്നെ. നാണക്കേടിന്റെ മറ്റൊരു അധ്യായം രചിച്ച് ടീം ഇന്ത്യ. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനോട് ഇന്ത്യയുടെ പരാജയം 180 റണ്‍സിന്!. സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനു സംഭവിച്ച ഏറ്റവും വലിയ പരാജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഇന്ത്യന്‍ ബൗളര്‍മാരെ തച്ചുടച്ച് 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. കന്നി സെഞ്ചുറി നേടിയ ഫഖര്‍ സമന്റെ (114) മികവിലാണ് പാക്കിസ്ഥാന് മികച്ച സ്കോറിലെത്തിയത്. അസ്ഹര്‍ അലിയും (59) മുഹമ്മദ് ഹഫീസും (57*) അര്‍ധസെഞ്ചുറി തികച്ചു. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ഹാര്‍ദിക് പാണ്ഡ്യ (76) മാത്രമാണ് തിളങ്ങിയത്. ഫഖര്‍ സമനാണ് മാന്‍ ഓഫ് ദ മാച്ച്. പാക്കിസ്ഥാന് ബൗളര്‍ ഹസന്…
Read Moreഇന്ത്യയെ പരാജയപ്പെടുത്തിയ പാക് ടീമിന് സൈനിക മേധാവിയുടെ ഓഫർ
കറാച്ചി: ഇന്ത്യയെ പരാജയപ്പെടുത്തി ചാന്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ട പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് പാക് സൈനിക മേധാവിയുടെ അപ്രതീക്ഷിത സമ്മാനം. പാക് ടീമിലെ അംഗങ്ങൾക്കു സൗജന്യമായി ഉംറ ചടങ്ങ് നിർവഹിക്കുവാനുള്ള അവസരമൊരുക്കുമെന്നാണ് സൈനിക മേധാവി മേജർ ജനറൽ ആസിഫ് ഗഫൂർ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പാക്കിസ്ഥാനെയും ക്രിക്കറ്റ് ടീമിനെയും അഭിനന്ദിക്കുന്നു. ടീമിന് ഉംറ പ്രഖ്യാപിക്കുന്നു. ടീം വർക്കിനെ തോൽപ്പിക്കാൻ ഒന്നിനുമാവില്ല. എല്ലാ ഭീഷണികൾക്കെതിരേയും പാക്കിസ്ഥാൻ ഒറ്റക്കെട്ടാണ്- മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിൽ കുറിച്ചു.
Read More2018ൽ ട്വന്റി20 ലോകകപ്പ് ഇല്ല; 2020ലേക്കു മാറ്റിയെന്നു റിപ്പോർട്ട്
ദുബായ്: അടുത്തവർഷം നടക്കാനിരുന്ന ട്വന്റി20 ലോകകപ്പ് 2020ലേക്കു മാറ്റി. ഐസിസിയോട് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. അടുത്ത വർഷം പല ദ്വിരാഷ്ട്ര പരന്പരകളും നടക്കാനുള്ളതിനാലാണ് ലോകകപ്പ് 2020ലേക്കു മാറ്റിയതെന്നാണ് വിവരം. എന്നാൽ 2020ലെ ട്വന്റി 20 ലോകകപ്പിന്റെ വേദി സംബന്ധിച്ച് തീരുമാനമായില്ല. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പരിഗണനയിലുള്ളത്. പലരാജ്യങ്ങളിലും ട്വൻറി 20ലീഗുകൾ എല്ലാവർഷവും നടക്കാറുള്ളതിനാൽ ട്വന്റി20 ലോകകപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന വാദവും ഐസിസിയിലുയരുന്നുണ്ട്.തിങ്കളാഴ്ച ആരംഭിക്കുന്ന ഐസിസി വാർഷിക യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
Read More