പുലിയ്ക്കു പിറന്നത് പൂച്ചക്കുട്ടിയാവില്ലല്ലോ ! സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്‌നമായ അച്ഛന്റെ മകള്‍ ! തലശ്ശേരിയില്‍ പാര്‍ട്ടി ഗുണ്ടകളെ അടിച്ചമര്‍ത്തിയതോടെ ഭരണപക്ഷത്തിന്റെ നോട്ടപ്പുള്ളിയായി; ചൈത്ര തെരേസ ജോണ്‍ ആരെന്നറിഞ്ഞാല്‍ റെയ്‌ഡൊക്കെ വെറും നിസ്സാരം…

പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെപ്പറ്റിയാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത്. സിപിഎം ഭരിക്കുമ്പോള്‍ പൊലീസ് സ്‌റ്റേഷന്‍ ഭരിക്കുന്നത് സഖാക്കളാണെന്ന ആക്ഷേപം നിലനില്‍ക്കെ തന്നെയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള സിപിഎം ഓഫീസില്‍ പൊലീസ് പരിശോധന നടന്നത്. അക്രമികളെ പിടിക്കാന്‍ വേണ്ടി ചൈത്ര നടത്തി ശ്രമം പരാജയപ്പെട്ടത് കൂടെ ഒറ്റുകാര്‍ ഉണ്ടായിരുന്നതു കൊണ്ടാണ്. ഈ സംഭവത്തിന്റെ പേരില്‍ മുഖ്യമന്ത്രി നേരിട്ട് വിളിപ്പിക്കുകയും ഡിജിപി വിശദീകരണം തേടുകയും ചെയ്തതോടെ സൈബര്‍ ലോകത്തിന്റെ പിന്തുണ ഈ കോഴിക്കോട്ടുകാരിയായ ഐപിഎസുകാരിക്ക് ലഭിച്ചു.

യഥാര്‍ഥത്തില്‍ ആരാണ് ചൈത്ര തെരേസ ജോണ്‍ എന്നറിഞ്ഞാല്‍ ഈ റെയ്‌ഡൊക്കെ എത്ര നിസ്സാരമെന്ന് നമുക്ക് മനസ്സിലാകും. വമ്പന്മാരായ സ്വര്‍ണക്കടത്തുകാരെ പോലും കൂസാത്ത അച്ഛന്റെ ധീരയായ മകളാണ് ചൈത്ര. അതുകൊണ്ടു കൊണ്ട് മുഖ്യമന്ത്രിയുടെ ഭാഷയില്‍ പഞ്ഞാല്‍ വിരട്ടലും വിലപേശലും ഒന്നും ഈ യുവ ഐപിഎസുകാരിയുടെ മുമ്പില്‍ വിലപ്പോവില്ല. അതാണ് ഇതുവരെയുള്ള ചരിത്രം. 1983 ഐ.ആര്‍.എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്റെ മകളാണ് ചൈത്ര തെരേസ ജോണ്‍. കോഴിക്കോട് ജില്ലയിലെ ഈസ്റ്റ്ഹില്ലാണ് സ്വദേശം. കസ്റ്റംസിലും ഡി.ആര്‍.ഐയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ് ഒരുകാലത്ത് സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്നു. മലബാര്‍ കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് സജീവമായത് എന്നതു കൊണ്ട് തന്നെ പല കള്ളക്കടത്തുകാരെയും അനായാസം കൈകാര്യം ചെയ്തിട്ടുണ്ട് ജോണ്‍ ജോസഫ്.

മലബാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്വര്‍ണക്കടത്തുക്കാര്‍ക്ക് ജോണ്‍ ജോസഫ് എന്നുമൊരു ഭീഷണിയായിരുന്നു. നിലവില്‍ ഡല്‍ഹി സ്‌പെഷല്‍ സെക്രട്ടറി, ബജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുക്കുന്ന അദ്ദേഹം ഡി.ആര്‍.ഐയുടെ രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവിന്റെ പാതയില്‍ സിവില്‍ സര്‍വീസ് ആഗ്രഹിച്ചു കൊണ്ടാണ് അവര്‍ ഈ മേഖലയിലേക്ക് കടന്നുവന്നത്. അതിന് തുടര്‍ച്ചയായ പരിശ്രമങ്ങള്‍ അവര്‍ നടത്തി. രാഷ്ട്രീയക്കാര്‍ക്ക് വഴങ്ങുന്ന കണ്‍ഫേഡ് ഐപിഎസുകാരുടെ പാതയില്‍ ആയിരുന്നില്ല അവരുടെ ജീവിത മുന്നേറ്റം.

മകളെ എന്തിനുംപോന്ന ആളാക്കിത്തന്നെയാണ് ജോണ്‍ ജോസഫ് വളര്‍ത്തിയത്. കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂള്‍ പഠനം. കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടിയിട്ടുണ്ട് ചൈത്ര. ഇതുവഴി മാനസികമായ ആരോഗ്യവും കരുത്തും ചൈത്ര കൈവരിച്ചു. 2016 ഐ.പി.എസ്. ബാച്ചുകാരിയാണ് അവര്‍. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ സുഖമായി ഇരിക്കാമായിരുന്നിട്ടും ഇന്ത്യന്‍ പോലീസ് സര്‍വീസിനെ മനസ്സാവരിച്ച അവര്‍ അഞ്ചു തവണ സിവില്‍ സര്‍വീസ് പരീക്ഷയും മൂന്നു തവണ അഭിമുഖവും കടന്നാണ് അവര്‍ പൊലീസ് സര്‍വീസില്‍ എത്തിയത്. സിവില്‍ സര്‍വീസില്‍ 111 ആയിരുന്നു റാങ്ക്. ഐപിഎസ് ലിസ്റ്റില്‍ ഒന്നാമതായിരുന്നു.

കേരളാ കേഡറില്‍ വയനാട്ടിലായിരുന്നു ട്രെയിനിംഗിന്റെ തുടക്കം. പിന്നെ തലശ്ശേരി എസ്പിയായെങ്കിലും അന്നൊന്നും ഇങ്ങനെ സിപിഎമ്മുമായി ഉടക്കേണ്ടി വന്നിട്ടില്ല. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ധീരയായ ഉദ്യോഗസ്ഥ എന്നു പേരെടുത്ത ചൈത്ര അവിവാഹിതയാണ്. അമ്മ ഡോ.മേരി എബ്രഹാം വെറ്ററിനറി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ചു. ഏകസഹോദരന്‍ ഡോ.അലന്‍ ജോണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ പി.ജി. വിദ്യാര്‍ത്ഥിയാണ്.
ജോലിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറുള്ള വ്യക്തിയല്ല ചൈത്ര.

കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ഹൗസ് ഓഫിസറുടെ ചുമതല വഹിക്കവേ പ്രമുഖ മാധ്യമത്തിലെ ഉദ്യോഗസ്ഥനെതിരേ കേസെടുത്തതിന്റെ പേരില്‍
ചൈത്രയുടെ പഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന രണ്ടു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി എ.ആര്‍ ക്യാംപിലേയ്ക്കു സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെ തന്റെ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെയല്ല, തനിക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നു ചൈത്ര ജില്ലാ പൊലീസ് മേധാവിയോടു പൊട്ടിത്തെറിച്ചിരുന്നു.

അന്ന് കാണിച്ച അതേധൈര്യമാണ് ഇപ്പോള്‍ ചൈത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡിന് എത്തിയപ്പോള്‍ ചൈത്ര കാണിച്ചത്. റെയ്ഡിനു പിന്നാലെ ആഭ്യന്തര വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് നടപടി. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്കു മടക്കിയത്. അവധിയിലായിരുന്ന ഡിസിപി ആര്‍.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മുഖ്യമന്ത്രി ചൈത്രക്കെതിരെ നടപടി എടുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ നിര്‍ബന്ധിതരാകുയായിരുന്നു.

എസ്പിക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാനേതൃത്വം ഭരണനേതൃത്വത്തേയും പാര്‍ട്ടിനേതൃത്വത്തേയും സമീപിച്ചിരുന്നു. സംഭവത്തിലെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നു ഉടന്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം. ബുധനാഴ്ച രാത്രിയാണ് അന്‍പതോളം പേരടങ്ങിയ ഡിവൈഎഫ്‌ഐ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞത്. പോക്‌സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അതിക്രമം. മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇതില്‍ ചിലര്‍ സിപിഎം ജില്ലാകമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസിപി പാര്‍ട്ടി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡിനെത്തിയത്. കീഴുദ്യോഗസ്ഥരില്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഡിസിപി ചൈത്ര തെരേസ ജോണ്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ സഹപ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു. ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ പൊലീസ് സംഘത്തെ കടത്തിവിടാന്‍ നേതാക്കള്‍ തയാറായില്ല. ഒടുവില്‍ വിവരം വരാതിരിക്കാന്‍ റെയ്ഡിന് സമ്മതിക്കുകയായിരുന്നു. റെയ്ഡിന്റെ പേരില്‍ വനിതാ ഉദ്യോഗസ്ഥയെ തെറിപ്പിച്ചെന്ന അഭിമാനത്തിലാണ് സഖാക്കള്‍ ഇപ്പോള്‍.

നേരാം വണ്ണം നിയമം പാലിക്കാന്‍ ഇറങ്ങിയതിനാണ് തനിക്ക് നടപടി നേരിടേണ്ടി വന്നതെന്ന് അഭിമാനത്തോടെ തന്നെയാണ് ചൈത്ര തെരേസ ജോണ്‍ പഴയ കസേരയിലേക്ക് കയറുന്നതും. കാക്കിയിട്ട ഒരാള്‍ നേരാംവണ്ണം നിയമം നടപ്പാക്കാന്‍ ഇറങ്ങിയാല്‍ എത്ര കൊമ്പനാണെങ്കിലും കുടുങ്ങുമെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. എസ്ബിഐ ബ്രാഞ്ച് അടിച്ചുതകര്‍ത്ത ‘തൊഴിലാളി സഖാക്കളെ’ പിടിച്ചതും ചൈത്ര ആയിരുന്നു, കേസ് ഒതുക്കാന്‍ നടന്ന എല്ലാ കളികളെയും ചൈത്ര എതിര്‍ത്തിരുന്നു. അതുകൊണ്ടു തന്നെ പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് ചൈത്ര. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ മിടുക്കിയ്ക്കു കിട്ടുന്ന പിന്തുണ ഭരണപക്ഷത്തെ അലോസരപ്പെടുത്തുമെന്നു തീര്‍ച്ച.

Related posts