പതിനഞ്ചുകാരിയുടെ ധീരതയില്‍ തടയപ്പെട്ടത് തന്റേതുള്‍പ്പെടെയുള്ള 10 ബാലവിവാഹങ്ങള്‍; സംഭവം മലപ്പുറത്ത്

CHILDMARRIAGEമലപ്പുറം: ബാലവിവാഹങ്ങള്‍ക്ക് കുപ്രസിദ്ധമായ മലപ്പുറത്ത് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ ധീരമായ ഇടപെടല്‍ മൂലം മതടയപ്പെട്ടത് 10 ബാലവിവാഹങ്ങള്‍. ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഇത്രയധികം ബാലവിവാഹങ്ങള്‍ നടക്കേണ്ടിയിരുന്നത്. അതിലൊന്ന് ഈ പെണ്‍കുട്ടിയുടെ വിവാഹമായിരുന്നു. പെണ്‍കുട്ടി ഈ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. 15നും 16നും ഇടയിലുള്ള പെണ്‍കുട്ടികളെയാണ് വീട്ടുകാര്‍ വിവാഹം കഴിച്ചയയ്ക്കാനൊരുങ്ങിയത്. എന്നാല്‍ പരാതി നല്‍കിയ പെണ്‍കുട്ടി ഇതിനെ എതിര്‍ത്തെങ്കിലും കുടുംബങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. ഇതേത്തുടര്‍ന്ന് കുട്ടി ചൈല്‍ഡ്‌ലൈനിലേക്കു ഫോണ്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും തീരുമാനിച്ചിരുന്ന ബാലവിവാഹങ്ങള്‍ തടയുകയും ചെയ്തു. വ്യത്യസ്ഥങ്ങളായ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് വിവാഹം കഴിപ്പിക്കാനായി തീരുമാനിച്ചിരിക്കുന്നതെന്ന്  ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി. മലപ്പുറം ചൈല്‍ഡ്‌ലൈന്‍ കോഡിനേറ്റര്‍ അന്‍വര്‍ കാരക്കാടനാണ് ഇത് പറഞ്ഞത്. നിയമം അറിയാത്തതല്ല പകരം മറ്റു ചില ഘടകങ്ങളാണ് വീട്ടുകാരെ ഇത്തരത്തിലുള്ള ശൈശവ വിവാഹത്തിനു പ്രേരിപ്പിക്കുന്നതെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

10,11 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പ്രധാനമായും ഇത്തരം ബാലവിവാഹങ്ങള്‍ക്ക് ഇരയാവുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇത്തരം വിവാഹങ്ങള്‍ വര്‍ധിക്കുന്നത്. കാരണം ഈ മാസങ്ങളില്‍ വാര്‍ഷിക അവധി പ്രമാണിച്ച് സ്കൂളുകളില്‍ ക്ലാസുണ്ടാകാറില്ല. അതിനാല്‍ തന്നെ ഈ മാസങ്ങളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താറുണ്ട്. ഒരു പെണ്‍കുട്ടിയ്ക്ക്് ഇത്തരത്തിലൊരു കോള്‍ ചെയ്യാന്‍ കഴിഞ്ഞതാണ് ഇത്രയും കുട്ടികളെ രക്ഷപ്പെടുത്തിയത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അടുത്ത ദിവസം കൗണ്‍സിലിംഗ് നല്‍കുമെന്നും ചൈല്‍ഡ് ലൈന്‍ പറയുന്നു.രക്ഷകര്‍ത്താക്കള്‍ അത്ര നല്ല സാമ്പത്തികസ്ഥിതിയുള്ളവരല്ലെന്നും അതിനാല്‍ എത്രയും പെട്ടെന്ന് കുട്ടികളെ വിവാഹം കഴിച്ചയ്ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

Related posts