ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്ശത്തിൽ മധ്യപ്രദേശിലെ മന്ത്രി വിജയ് ഷായെ തള്ളാതെ സംസ്ഥാന ബിജെപി നേതൃത്വം. വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടെന്നു സംസ്ഥാന ബിജെപിയിൽ ധാരണയായി. മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
മന്ത്രി വിജയ് ഷാ രാജിവച്ചാൽ കോൺഗ്രസിന്റെ വിജയമായി മാറുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. വിഷയത്തിൽ മന്ത്രി ക്ഷമാപണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാന പ്രകാരം മുന്നോട്ടുപോകാമെന്ന നിലപാടിൽ മധ്യപ്രദേശ് ബിജെപി നേതൃത്വമെത്തിയത്. അതേസമയം, കോടതി തീരുമാനം അനുസരിക്കുമെന്നു മുഖ്യമന്ത്രി മോഹൻ യാദവ് യോഗത്തിൽ വ്യക്തമാക്കി.
കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്നു വിളിച്ചതാണു വൻ വിവാദമായത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.