പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് മഞ്ച ഫിഷ് ലാൻഡിംഗ് സെന്റർ പ്രവൃത്തി വേഗത്തിലാക്കുമെന്ന് എം. വിജിൻ എംഎൽഎ. മത്സ്യതൊഴിലാളികളും ഹാർബർ എൻജിനിയറിംഗ് ഉദ്യോഗസ്ഥരും എംഎൽഎയും ചേർന്ന് സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി. അഞ്ചുകോടി രൂപയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നവകേരളസദസ് പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിക്ക് അനുവദിച്ചത്.
മാർച്ച് 12ന് മുൻ മന്ത്രി സജി ചെറിയാനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പ്രവൃത്തി ആരംഭിച്ചതിനാൽ മത്സ്യബന്ധന ബോട്ട് കരക്കടുപ്പിക്കുന്നതിനുള്ള പ്രയാസം പരിഹരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കുന്നതിനും പ്രവൃത്തി തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും തീരുമാനിച്ചു.
ദീർഘ നാളുകമായി മത്സ്യ തൊഴിലാളികളുടെയും തീരദേശവാസികളുടെയും പ്രധാന ആവശ്യമാണ് മത്സ്യബന്ധനത്തിന് ശേഷം ബോട്ടുകൾ കരക്കടിപ്പിക്കൻ ഫിഷ് ലാന്റിംഗ് സെന്റർ. കാലവർഷത്തിൽ കടലാക്രമണം രൂക്ഷമായാൽ കടൽ തീരത്തോട് മത്സ്യബന്ധന യാനങ്ങൾ അടുപ്പിക്കാൻ ഏറെ പ്രയാസമാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇതിന് പരിഹാരമകുമെന്നും എംഎൽഎ പറഞ്ഞു.
ഹാർബർ എൻജിനിയറിംഗ് വകുപ്പ് അസി. എൻജിനിയർ പി. സുനിൽകുമാർ, പുതിയങ്ങാടി കടക്കോടി ഭാരവാഹികളായ ഫായിസ്, ഷെബിർ, എസ്.വി. ഇഖ്ബാൽ, ഇരുമ്പൻ ആലി, ഫിഷ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ ടി.പി. ഖാലിദ്, ഏ.വി. നൗഫൽ, പുതിയങ്ങാടി ഭണ്ഡാര കമ്മിറ്റി പ്രസിഡന്റ് ടി.കെ. ജബ്ബാർ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.
