തച്ചങ്കരി വാണാല്‍ സിഐടിയു വീഴും ! എംഡിയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷനില്‍ ജീവനക്കാര്‍ കാണില്ലയെന്ന് പ്രചരണം; തച്ചങ്കരിയെ തെറിപ്പിക്കാന്‍ അണിയറയില്‍ ഒരുങ്ങുന്ന തന്ത്രങ്ങള്‍ ഇങ്ങനെ…

കടത്തില്‍ നിന്ന് കടത്തിലേക്ക് മൂക്കു കുത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്ന ടോമിന്‍ തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്നു തെറിപ്പിക്കാന്‍ സിഐടിയു.

തച്ചങ്കരിയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ സംഘടന തകരുമെന്നാണ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയാറാക്കാന്‍ സിഐടിയു. ഫ്രാക്ഷന്‍ യോഗം ചേരാന്‍ ഒരുങ്ങുകയാണ്.

തച്ചങ്കരിയെ ഇനിയും തുടരാന്‍ അനുവദിച്ചാല്‍ സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടി. എംപ്ലോയീസ് അസോസിയേഷനില്‍നിന്നു ജീവനക്കാര്‍ അകലുമെന്ന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നു യോഗം ചേരുന്നത്.

കോര്‍പ്പറേഷന്റെ ആസ്ഥാന ഓഫീസില്‍ തമ്പടിച്ചിരുന്ന സംസ്ഥാന നേതാക്കളെ സ്ഥലം മാറ്റിയതും ജീവനക്കാര്‍ക്ക് അസോസിയേഷന്റെ ശിപാര്‍ശ കൂടാതെ സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റം നല്‍കിയതും തച്ചങ്കരിയെ യൂണിയന്റെ കണ്ണിലെ കരടാക്കിയിരുന്നു.

ഒന്നാം തീയതിയ്ക്കു മുമ്പു തന്നെ ശമ്പളം നല്‍കുക കൂടി ചെയ്തതോടെ ജീവനക്കാര്‍ തച്ചങ്കരിയ്ക്കു പിന്നില്‍ അണിനിരന്നു. ഇതോടെ സംഗതി കൈവിട്ടു പോകുമെന്നു മനസിലാക്കിയതോടെയാണ് സിഐടിയു ഫ്രാക്ഷന്‍ ചേരുന്നത്.

ഇന്നു തിരുവനന്തപുരത്തു ചേരുന്ന യോഗത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെഎസ്ആര്‍ടിഇഎ പ്രസിഡന്റും ഇടതു മുന്നണി കണ്‍വീനറുമായ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണു സൂചന.

മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും പിന്തുണയുള്ള തച്ചങ്കരിയെ തെറിപ്പിക്കാന്‍ ശ്രമിച്ച് പലതവണ പരാജയപ്പെട്ടെങ്കിലും പിന്നോട്ടില്ലെന്ന സൂചനയാണ് ഈ ഫ്രാക്ഷന്‍ യോഗത്തിലൂടെ സിഐടിയു നല്‍കുന്നത്.

കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകളുടെ യോഗത്തില്‍ തച്ചങ്കരി നേതാക്കളുടെ സമ്മര്‍ദത്തിന് വഴിപ്പെടാതെ ഉറച്ച തീരുമാനമെടുത്തത് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. വൈക്കം വിശ്വനുമായി വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്. ഓരോ ദിവസവും തച്ചങ്കരിയ്‌ക്കെതിരായ നീക്കങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ ശക്തിപ്പെടുകയാണ്.

Related posts