ജനീവ: ലോകത്ത് പത്തിൽ ഒരാൾക്ക് വീതം കോവിഡ് ബാധയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ഡബ്ല്യുഎച്ച്ഒയുടെ പ്രത്യേക ഉന്നത തല യോഗത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഈ കണക്ക് വ്യക്തമാക്കുന്നത് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും കോവിഡുമായി ബന്ധപ്പെട്ട് വിഷമ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണെന്നും ലോകരോഗ്യ സംഘടന വ്യക്തമാക്കുന്നു.
മൂന്ന് കോടി 50 ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും അതിലും നൂറു മടങ്ങ് കൂടുതലായിരിക്കും കോവിഡ് ബാധിതരുടെ എണ്ണമെന്ന് ലോകരോഗ്യ സംഘടന വക്താക്കൾ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്.
കോവിഡ് വ്യാപനം ആരംഭിച്ച് 10 മാസം പിന്നിടുന്പോഴും വൈറസ് വ്യാപനത്തിൽ തെല്ലും കുറവ് കാണിക്കുന്നില്ലെന്നും പല രാജ്യങ്ങളും കോവിഡിന്റെ രണ്ടാം വരവിനെ അഭിമുഖീകരിക്കുകയാണെന്നും യോഗം വിലയിരുത്തി.
രാജ്യങ്ങൾ നിയന്ത്രണങ്ങൾ പിൻവലിച്ചതും കോവിഡ് ബാധ ഇത്രയേറെ വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, എന്നത്തോടെ കോവിഡ് വ്യാപനം കുറയുമെന്നോ കോവിഡ് വാക്സിൻ എപ്പോൾ വിതരണം ആരംഭിക്കുമെന്നോ ഉള്ള കാര്യങ്ങളൊന്നും നിഗമനത്തിലെത്താൻ യോഗത്തിനായില്ലെന്നാണ് വിവരം.