സിബിഐയെ ഞങ്ങള്‍ക്ക് കാണണ്ട വെറുത്തുപോയി…സിബിഐ എന്നു കേള്‍ക്കുമ്പോള്‍ സിപിഎം നേതാക്കളുടെ മുട്ട് കൂട്ടിയിടിക്കുന്നത് എന്തുകൊണ്ട്; കൊല്ലിച്ചവരെയും ലക്ഷ്യമിടുന്ന അന്വേഷണരീതിയോ പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്…

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണ ആവശ്യം ശക്തമാകുമ്പോള്‍ വീണ്ടും സിപിഎമ്മിനു ഭയം. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും ലക്ഷ്യമിടുന്ന സി.ബി.ഐ. അന്വേഷണരീതിയാണ് പാര്‍ട്ടിയെയും പിണറായി സര്‍ക്കാരിനെയും പേടിപ്പെടുത്തുന്നത്.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കേസില്‍ പ്രതികളാക്കി. സി.ബി.ഐ. അന്വേഷണത്തിലിരിക്കുന്ന ഫസല്‍ വധക്കേസില്‍ കാരായി ചന്ദ്രനും കാരായി ചന്ദ്രശേഖരനും പ്രതികളാണ്. ടി.പി. വധക്കേസ് സി.ബി.ഐ. അന്വേഷണത്തിനു വിടുന്ന കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ആവശ്യം കോടതി അംഗീകരിച്ചാല്‍ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടക്കമുള്ള ഉന്നത നേതാക്കളിലേക്ക് അന്വേഷണമെത്തിയേക്കും.

സംശയത്തിന്റെ ആനുകൂല്യം നല്‍കിയായിരുന്നു മോഹനനെ വടകര കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. കണ്ണൂരിനെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ആദ്യം സി.ബി.ഐ. ഏറ്റെടുത്തത് 2006-ലെ ഫസല്‍ വധക്കേസാണ്. രണ്ടാമത്തേത്, പയ്യോളി മനോജ് വധക്കേസ്. പാര്‍ട്ടിക്കോടതി ഒരു മുറിയില്‍ ബന്ദിയാക്കി വിചാരണ ചെയ്താണ് അരിയില്‍ ഷുക്കൂറിനെ വകവരുത്തിയത്. കതിരൂര്‍ മനോജ് വധക്കേസ് സി.ബി.ഐ. ഏറ്റെടുത്തപ്പോള്‍ പി. ജയരാജനെ യു.എ.പി.എ. ചുമത്തി ഒരു മാസത്തോളം ജയിലിലടച്ചിരുന്നു.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടു ഹൈക്കോടതി ഉത്തരവുണ്ടായത്. ഈ കേസിലും യു.എ.പി.എ. ചുമത്തി. ഇതെല്ലാം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സി.ബി.ഐ. തുടര്‍വിചാരണ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണനയ്ക്കായി ഏപ്രിലിലേക്ക് മാറ്റിയിരിക്കുകയാണ്. സിബിഐയെ സിപിഎം വെറുക്കാന്‍ കാരണമിതൊക്കെയാവാം എന്നു കരുതാം.

Related posts