വളർത്തു മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്, ടെക്സസ്: നോർത്ത് ടെക്സസിലെ വീട്ടിൽ വച്ച് ഒൻപതും പത്തും വയസുള്ള വളർത്തു മക്കളെയും ഭാര്യയെയും കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി റോബർട്ട് സ്പാർക്കിന്‍റെ (45) വധശിക്ഷ നടപ്പാക്കി.

ബുദ്ധിമാന്ദ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന റോബർട്ടിന്‍റെ വാദം അപ്പീൽ സർക്യൂട്ട് കോടതി തള്ളിയിരുന്നു. ടെക്സസിൽ ഈ വർഷം നടപ്പാക്കുന്ന ഏഴാമത്തെതും അമേരിക്കയിലെ പതിനാറാമത്തെതും വധശിക്ഷയാണിത്.

പന്ത്രണ്ടു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ അഗ്‌നുവിനെ കിടക്കയിൽ വച്ച് 18 തവണയും പത്തു വയസുള്ള മകനെ 45 തവണയും കുത്തി കൊലപ്പെടുത്തിയശേഷം വളർത്തുമക്കളായ 12 ഉം 14 ഉം വയസ് പ്രായമുള്ള പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് വധശിക്ഷ വിധിച്ചത്.

സുപ്രീം കോടതി 2002 ൽ മാനസികനില തകരാറിലായ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും സംസ്ഥാനങ്ങൾക്കാണ് പ്രതിയുടെ മാനസികാരോഗ്യം തീരുമാനിക്കുന്നതിനുള്ള അധികാരം നൽകിയിരുന്നത്.

വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിക്കുന്നതിന് മുൻപ് കുടുംബാംഗങ്ങളെ പേരു ചൊല്ലി വിളിച്ച് ചെയ്ത തെറ്റിന് റോബർട്ട് മാപ്പപേക്ഷിച്ചു.

വധശിക്ഷ കാത്ത് ഏഴുപേർ കൂടി ടെക്സസ് ജയിലിൽ കഴിയുന്നുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts