ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ ഭർത്താവിന്‍റെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല (ടെക്സസ്)∙ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ മുൻ പോലീസ് ഓഫിസറായ ഭർത്താവ് റോബർട്ട് ഫ്രട്ടായുടെ (65) വധശിക്ഷ നടപ്പാക്കി.

ടെക്സസിൽ ഈ വർഷം നടപ്പാക്കുന്ന ആദ്യ വധശിക്ഷയും അമേരിക്കയിലെ രണ്ടാമത്തേതുമാണ്.

‌‌മാരകമായ വിഷമിശ്രിതം ഇരുകൈകളുടെയും സിരകളിലേക്ക് പ്രവഹിപ്പിച്ച് 24 മിനിട്ടിനുള്ളിൽ മരണം സ്ഥിരീകരിച്ചു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി.

1994 ലാണ് റോബർട്ട് ഫ്രട്ടാ ഭാര്യയെ കൊലപ്പെടുത്തുന്നതിന് ഇടനിലക്കാരനായ ജോസഫിനെ ചുമതലപ്പെടുത്തിയത്. ജോസഫ് വാടക കൊലയാളിയായ ഹവാർഡ് ഗൈഡറിയെ ഉപയോഗിച്ചു ഭാര്യയെ വെടിവച്ചു കൊല്ലുകയായിരുന്നു.

ഈ സമയം റോബർട്ട് ഫ്രട്ടാ പള്ളിയിലെ ആരാധനയിൽ പങ്കെടുക്കുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ഇയാൾ രംഗത്ത് വന്നിരുന്നു.

പോലീസ് അന്വേഷണത്തിൽ കൊലയാളിയെയും ഇടനിലക്കാരനായ ജോസഫിനെയും കണ്ടെത്തി. മൂവർക്കും കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. റോബർട്ട് ഒഴികെ മറ്റു രണ്ടു പേർ വധശിക്ഷ കാത്തുകഴിയുന്നു.

വിഷമിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തു നൽകിയ അപ്പീൽ കോടതി തള്ളിയിരുന്നു.

1996 ൽ റോബർട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെങ്കിലും ഫെഡറൽ ജഡ്ജി വധശിക്ഷ ഒഴിവാക്കിയിരുന്നു. 2009 ൽ വീണ്ടും പുനർവിചാരണ നടത്തി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Related posts

Leave a Comment