കോട്ടയം: മുൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ പുതുപ്പള്ളി സന്ദർശിക്കാനെത്തുന്നു. 30-ന് രാവിലെ പത്തിന് എത്തുന്ന താരത്തിന് ഉജ്ജ്വല സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചാണ്ടി ഉമ്മൻ എം.എൽഎ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന അർപ്പിച്ച ശേഷം ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസേവന ചടങ്ങിൽ താരം പങ്കെടുക്കും.
പുതുപ്പള്ളിയുടെ തനതായ പൈതൃകം വിളിച്ചോതുന്ന കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം തുടങ്ങിയ പതിനൊന്ന് കലാരൂപങ്ങളുടെ അകമ്പടിയോടെയാകും ഗെയ്ലിന് സ്വീകരണം ഒരുക്കുന്നത്. തുടർന്ന് പുതുപ്പള്ളി പൈതൃക സാംസ്കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാർഥികളുമായുള്ള സംവാദവും നടക്കും. ഇതിനു പുറമെ, വെണ്ണിമലയിൽ നിർദ്ദിഷ്ട അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന പ്രദേശവും ക്രിസ് ഗെയ്ൽ സന്ദർശിക്കും.
