കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫെമ നിയമപ്രകാരം കേസെടുത്തു. വിദേശത്തേക്ക് കോടിക്കണക്കിന് രൂപ അയച്ചതിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് ഈ നടപടി.
മെസിയെ കേരളത്തിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് കരാറുകളും വിദേശത്തേക്ക് പണം കൈമാറിയതിന്റെ രേഖകളും ഇഡി ഇതിനോടകം പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. കേസിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.
സർക്കാരിന്റെ കൈവശമുള്ള അനുബന്ധ രേഖകൾ തേടി ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഏകദേശം 126 കോടി രൂപയാണ് ഈ ഇടപാടിന്റെ പേരിൽ വിദേശത്തേക്ക് കടത്തിയത് എന്നാണ് ഇഡിയുടെ പ്രാരംഭ വിലയിരുത്തൽ.
ഇത്രയും വലിയ തുക വിദേശത്തേക്ക് അയച്ചത് എങ്ങനെയെന്നും, പണത്തിന്റെ യഥാർഥ ഉറവിടം എന്താണെന്നും, ഔദ്യോഗിക അനുമതികളും രേഖകളും കൃത്യമായി പാലിച്ചിരുന്നോ എന്നും ഇഡി വിശദമായി അന്വേഷിച്ചു വരുന്നു. നിലവിൽ ഈ വിഷയത്തിൽ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
