പകല്‍ ആശാരിപ്പണിയ്ക്കു പോകുന്നയാള്‍ രാത്രിയില്‍ യക്ഷിയായി വിജനമായ വഴിയിലിറങ്ങും ! കണ്ണൂര്‍ വനത്തില്‍ കണ്ട ‘യക്ഷിയുടെ മൃതദേഹ’ത്തിനു പിന്നിലെ കഥയിങ്ങനെ…

യക്ഷിയ്ക്കു മരണമുണ്ടാവുമോ ? മരിച്ചതിനു ശേഷമല്ലേ യക്ഷിയാവുക…കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിന് സമീപം വനത്തില്‍ കാണപ്പെട്ട മൃതദേഹം ഉന്നയിക്കുന്നത് ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ്. പകല്‍ ആശാരിപ്പണിയ്ക്കു പോകുകയും രാത്രിയില്‍ യക്ഷിവേഷം കെട്ടി വിജനമായ സ്ഥലത്ത് ഇറങ്ങുകയും ചെയ്യുന്ന കിഴക്കേപ്പുരക്കല്‍ ശശി(45) എന്ന കുഞ്ഞിരാമന്റേതാണ് മൃതദേഹം എന്നാണ് സൂചന.

ശനിയാഴ്ച്ച ഉച്ചയോടെ വനത്തില്‍ സാരിയുടുത്ത നിലയിലാണ് മൃതദേഹം കണ്ടത്. കണ്ണെഴുതി പൊട്ട്തൊട്ട് കമ്മലും മാലയുമണിഞ്ഞായിരുന്നു രൂപം. രണ്ട് മൊബൈല്‍ ഫോണും ചീര്‍പ്പും കണ്ണാടിയും തോര്‍ത്തും ബാഗും മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ത്രീ വേഷം കെട്ടിയ പുരുഷന്റേതാണ് മൃതദേഹമെന്ന് വ്യക്തമായത്. ശനിയാഴ്ച ഉച്ചയോടെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ പരിസരവാസികളാണ് മൃതദേഹം കണ്ടത്.

തുടര്‍ന്ന് പയ്യാവൂര്‍ എസ്.ഐ. പി.സി രമേശന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി?യ പോലീസ് സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ നമ്പറുകളും ചിത്രങ്ങളും മറ്റും പരിശോധിച്ചാണ് ശശിയാണ് മരിച്ചതെന്ന നിഗമനത്തില്‍ എത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഡി.എന്‍.എ പരിശോധനയും മറ്റും നടത്തി ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന നിലപാടിലാണ് പോലീസ്.

ആശാരിപ്പണിക്കാരനായ ശശി അവിവാഹിതനാണ്. സ്ത്രീവേഷമണിയാന്‍ താല്‍പര്യമുള്ള ശശി രാത്രിയാകുമ്പോഴേക്കും സ്ത്രീയായി രൂപാന്തരം പ്രാപിക്കും. സ്ത്രീ വേഷത്തില്‍ നിന്ന് പിന്നീട് യക്ഷി വേഷത്തിലേക്ക് ശശിക്ക് കൂടുമാറ്റം സംഭവിച്ചുവെന്നും കരുതുന്നവരുണ്ട്. എന്നാല്‍ രാവിലെയാകുമ്പോഴേക്കും ഇയാള്‍ പഴയ രൂപത്തിലേക്ക് തന്നെ മടങ്ങിയെത്തുകയും കൃത്യമായി ജോലിക്ക് പോവുകയും ചെയ്യും. നേരത്തെ സ്ത്രീ വേഷം കെട്ടി നടന്നതിനെ തുടര്‍ന്ന് ശശിയെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് ആഡൂരില്‍ നിന്നും ചുഴലിയിലേക്ക് താമസം മാറ്റേണ്ടി വന്നത്. പിന്നീട് വീടുമായി അധികം ബന്ധമുണ്ടായിരുന്നില്ല.

സ്ത്രീവേഷത്തില്‍ നിന്നും യക്ഷി വേഷത്തിനോട് കമ്പം തോന്നിയതോടെ മിക്ക രാത്രികളിലും ശ്മശാനങ്ങളിലാണ് ഇയാള്‍ കിടന്നുറങ്ങാറുള്ളത്. അവിടെ വച്ച് യക്ഷിയുടെ രൂപം വരുന്ന രീതിയില്‍ മേക്കപ്പ് നടത്തി അര്‍ദ്ധരാത്രിയോടെ റോഡില്‍ ഇറങ്ങും. ഗ്രാമപ്രദേശമായതിനാല്‍ രാത്രി വൈകിയാല്‍ ജനസഞ്ചാരം കുറയുന്ന വഴിയിലൂടെ യക്ഷിയാണെന്ന മട്ടിലുള്ള ഭാവചനലങ്ങളോടെ ശശി നടക്കാറുണ്ടെന്ന് പറയപ്പെടുന്നു. ശശിയുടെ ഈ വിചിത്ര സ്വഭാവം കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടില്ലാത്തതിനാല്‍ ആരും ഇത് കാര്യമായെടുത്തിരുന്നില്ല.എന്നാല്‍ സമയത്ത് ചികിത്സയും മറ്റും നല്‍കാതിരുന്നതിനാല്‍ ദ്വിമുഖവ്യക്തിത്വം ഇയാളില്‍ ശക്തമായി പ്രകടമാവുകയായിരുന്നു. ആളൊഴിഞ്ഞ വനപ്രദേശം എന്ന നിലയിലായിരിക്കാം ഇയാള്‍ കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിന് സമീപമെത്തിയതെന്ന് കരുതുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കില്‍ മാത്രമേ ഇയാള്‍ മരണപ്പെട്ടത് എങ്ങനെയെന്ന് തിരിച്ചറിയാനാവൂ.

Related posts