ചാത്തന്നൂർ: സൗകര്യങ്ങൾ മെച്ചപ്പെടുത്തി യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ബസ് സ്റ്റേഷനുകളിൽ ഡിജിറ്റൽ ക്ലോക്ക് റും സംവിധാനമൊരുക്കുന്നു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, മൂന്നാർ, അങ്കമാലി, കോട്ടയം എന്നീ ബസ് സ്റ്റേഷനുകളിലാണ് ഇത് നടപ്പാക്കുന്നത്.
വൈകാതെ മറ്റ് ബസ് സ്റ്റേഷനുകളിലും ഇത് നടപ്പാക്കും.ഇന്ത്യയിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ കെഎസ്ആർടിസിയാണ് ആദ്യമായി ഡിജിറ്റൽ ക്ലോക്ക് റുംസംവിധാനമൊരുക്കുന്ന തെന്ന് മാനേജ്മെന്റ് അവകാശപ്പെടുന്നു.
യാത്രക്കാരുടെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും സുതാര്യവുമായ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ക്ലോക്ക് റൂം.ഈ സംവിധാനം നടപ്പിലാക്കുന്നതിലൂടെ കൈവശമുള്ള ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ട യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ക്ലോക്ക് റൂം, മാനുവൽ രേഖപ്പെടുത്തലുകൾ ഒഴിവാക്കി, സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗവും കൃത്യതയും ഉറപ്പാക്കുന്നു.
ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനത്തിൽ യൂണിക് ഡിജിറ്റൽ ടോക്കൺ/ക്യൂആർ കോഡ് മുഖേന ലഗേജ് സ്വീകരിക്കുകയും തിരിച്ചുനൽകുകയും ചെയ്യുന്നു. ഇതുവഴി ലഗേജുകളുടെ ട്രാക്കിംഗ് എളുപ്പമാകുന്നതോടൊപ്പം, നഷ്ടപ്പെടൽ, മാറിപ്പോകൽ തുടങ്ങിയ സാധ്യതകൾ പൂര്ണമായും ഒഴിവാക്കാനാകും.
കൂടാതെ, സിസിടിവി നിരീക്ഷണം, നിശ്ചിത സമയപരിധിയിലുള്ള സുരക്ഷിത സംഭരണം, കൃത്യമായ ഡാറ്റാ റെക്കോർഡിംഗ് എന്നിവയും ഈ സംവിധാനത്തിന്റെ പ്രത്യേകതകളാണ് എന്ന് സിഎംഡി പ്രമോജ്ശങ്കർ അറിയിച്ചു.
- പ്രദീപ് ചാത്തന്നൂർ
