വിദേശത്ത് മെഡിസിന് പഠിച്ച വിദ്യാര്‍ഥി എന്ന നിലയിലുള്ള എന്റെ പോരാട്ടങ്ങള്‍, എംബിബിഎസ് ബിരുദം നേടിയെടുക്കാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍, എഫ്എംജിഇ പരീക്ഷ പാസായത്, അല്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍ എന്ന നിലയിലുള്ള എന്റെ ജീവിതം ഇതിനെക്കുറിച്ചൊന്നും ഞാന്‍ ഇതുവരെ എവിടെയും തുറന്നുപറഞ്ഞിട്ടില്ല.
സോഷ്യല്‍ മീഡിയയിലെ വലിയൊരു വിഭാഗം ആളുകള്‍ക്കും എന്നെ ഒരു നടി എന്ന നിലയിലാണ് അറിയാവുന്നത്. എന്നാല്‍ ഒരു ഡോക്ടറായി മാറാന്‍ ഞാന്‍ എത്രത്തോളം പ്രയത്നിച്ചിട്ടുണ്ടെന്ന് വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയൂ. ഉറക്കമില്ലാത്ത രാത്രികളും അവസാനിക്കാത്ത ഡ്യൂട്ടികളും ത്യാഗങ്ങളും പരാജയങ്ങളും ഒപ്പം രോഗികളെ പരിചരിക്കാന്‍ എനിക്ക് ലഭിച്ച ഭാഗ്യവുമൊക്കെയാണ് വാക്കുകള്‍ക്ക് അതീതമായി എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്.
ഒരു അംഗീകാരത്തിനായി ഞാന്‍ ഒരിക്കലും എന്റെ പദവി ഉപയോഗിക്കുകയോ എന്നെ ഒരു ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തുകയോ ചെയ്തിട്ടില്ല. രോഗികളുടെ വിശ്വാസവും അവരെ സേവിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയുമാണ് എനിക്കു ലഭിച്ച ഏറ്റവും വലിയ പ്രതിഫലം.
അതുകൊണ്ട് എന്നെക്കുറിച്ച് ഓണ്‍ലൈനില്‍ കാണുന്ന കാര്യങ്ങള്‍ മാത്രം കണ്ട് വിലയിരുത്തുന്നതിനു മുന്‍പ് ഒന്നുമാത്രം ഓര്‍ക്കുക; നിങ്ങള്‍ക്ക് എന്റെ പൂര്‍ണമായ കഥ അറിയില്ല. ചില യാത്രകള്‍ നിശബ്ദമായി ജീവിച്ചുതീര്ക്കേണ്ടവയാണ്. എല്ലാ പോരാട്ടങ്ങളും ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. -ബിന്നി സെബാസ്റ്റ്യൻ
