കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊന്ന കേസില്‍ പ്രതി സന്ദീപിന്റെ ശിക്ഷാവിധി നാളെ. പ്രതി കുടവട്ടൂര്‍ ശ്രീനിലയത്തില്‍ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നരഹത്യ, ഗുരുതരമായ മുറിവേല്‍പ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച വാദം ഇന്നലെ പൂര്‍ത്തിയായി.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു പരിഗണിച്ച് പ്രതി സന്ദീപിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു. മാതൃകാപരമായ ശിക്ഷതന്നെ നല്‍കണമെന്നും എത്രയോ പേരുടെ ജീവന് രക്ഷിക്കേണ്ട 22കാരിയായ ഡോക്ടറെയാണ് അതിനിഷ്ഠുരമായി കുത്തിക്കൊന്നതെന്നും പോലീസിനെയും ആക്രമിച്ചുവെന്നും തലനാഴിരയ്ക്കാണ് ഒരു പോലീസുകാരന് രക്ഷപ്പെട്ടതെന്നും പ്രോസിക്യൂഷന് വാദിച്ചു.
അതേസമയം, കൊലനടത്തിയത് ഓര്‍മയില്ലെന്നും പ്രായശ്ചിത്തം ചെയ്യാന്‍ പറ്റുമോയെന്നും പ്രതി സന്ദീപ് കോടതിയോട് ചോദിച്ചു. പ്രതിയുടെ പ്രായവും പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടയാളാണ് എന്നതും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് കൊടുക്കണമെന്നു പ്രതിഭാഗവും വാദിച്ചു. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്ക്കുശേഷമാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് ശിക്ഷാവിധി നാളത്തേക്കു മാറ്റിവച്ചതായി അറിയിച്ചത്.
ശിക്ഷ സംബന്ധിച്ച വാദത്തിനിടെ പ്രതിയും പ്രതിയുടെ മാതാവും ഡോ. വന്ദനയുടെ മാതാവും കോടതിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു. 2023 മേയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസിനെ സന്ദീപ് ആശുപത്രിയിലെ സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി കുത്തിക്കൊന്നത്.
