പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയിലൂടെ രാജ്യവും ലോകവും അറിഞ്ഞ മണ്ഡലമാണ് പുതുപ്പള്ളി. 53 വര്‍ഷക്കാലം ഒരു മണ്ഡലത്തില്‍നിന്നു തുടര്‍ച്ചായി മത്സരിച്ചു വിജയിച്ച് റിക്കാര്ഡിട്ടയാളാണ് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയും എന്നും ഒരേ വികാരമാണ്. ഉമ്മന്‍ചാണ്ടിയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ എംഎല്‍എയായി.
ഇപ്പോള്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പില്‍ രണ്ടാമതും മത്സരിക്കുകയാണു ചാണ്ടി ഉമ്മന്‍. തിരുവിതാംകൂര്‍ ദിവാന് സി.പി. രാമസ്വാമി അയ്യരുടെ കല്‍പ്പനയെ ചോദ്യം ചെയ്ത് പാരമ്പര്യമുള്ള നാടാണു പുതുപ്പള്ളി. കര്‍ഷകരുടെയും തൊഴിലാളികളുടെയും നാട്. മൈതാനങ്ങളില്‍ ആവേശവും ആരവവും നിറയ്ക്കുന്ന നാടന്‍പന്തുകളിയുടെ തട്ടകം.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയും മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലും മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. ഉത്സവങ്ങളും പെരുന്നാളുകളുമൊക്കെയായി നാടിന്റെയാകെ ആഘോഷമാക്കി നാനാജാതി മതസ്ഥര്‍ കൈകോര്ത്തുകഴിയുന്ന നാട്.കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കില്‍ ഉള്‍പ്പെട്ട വാകത്താനം പഞ്ചായത്തും ഉള്‍പ്പെട്ട നിയമസഭാമണ്ഡലമാണു പുതുപ്പള്ളി.
1957ലും 1960ലും കോണ്‍ഗ്രസിലെ പി.സി. ചെറിയാനാണു വിജയിച്ചത്. 1965ല്‍ സിപിഎമ്മിലെ ഇ.എം. ജോര്‍ജ് കോണ്‍ഗ്രസിലെ തോമസ് രാജനെ 1835 വോട്ടിന് പരാജയപ്പെടുത്തി. 1967ല്‍ ഇ.എം. ജോര്‍ജ് കോണ്‍ഗ്രസിലെ പി.സി. ചെറിയാനെ 5552 വോട്ടിന് പരാജയപ്പെടുത്തി നിയമസഭയിലെത്തി.
1970ല്‍ ഇ.എം. ജോര്‍ജിനെ പരാജയപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 53 വര്‍ഷം അദ്ദേഹം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ജെയ്ക് സി. തോമസ് ശക്തമായ മത്സരം കാഴ്ചവച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044 വോട്ടായി കുറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് 2023ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മകന് ചാണ്ടി ഉമ്മന്‍ ജെയ്ക് സി. തോമസിനെ പരാജയപ്പെടുത്തിയത് 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വ്യക്തമായ ലീഡാണ് ലഭിച്ചത്.
എല്‍ഡിഎഫിനു ബാലികേറാമലയായ പുതുപ്പള്ളിയില്‍ സിപിഎം പരീക്ഷണങ്ങള്‍ പലതും നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. മൂന്നു തവണ മത്സരിച്ച ജയ്ക് സി. തോമസിനെ മാറ്റി പുതിയ പരീക്ഷണത്തിന്റെ ഭാഗമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും കര്‍ഷക സംഘം സംസ്ഥാന നേതാവുമായ കെ.എം. രാധാകൃഷ്ണനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. എന്‍. ഹരിയുടെ പേരാണ് സജീവ പരിഗണനയില്‍.
