മകള്‍ പോലീസായപ്പോള്‍ സല്യൂട്ട് ചെയ്ത പോലീസുകാരന്‍ അച്ഛന്‍ ! തന്റെ എല്ലാമെല്ലാമായ അച്ഛനെക്കുറിച്ച് ആ മകള്‍ പറയുന്നതിങ്ങനെ…

ഡിഎസ്പി ആയ മകളെ സല്യൂട്ട് ചെയ്യുന്ന സിഐ ആയ അച്ഛന്റെ ചിത്രം ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നായിരുന്നു ആ ദൃശ്യം.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. ശ്യം സുന്ദറാണ് മകളും ഗുണ്ടൂര്‍ ഡി.എസ്.പിയുമായ ജെസി പ്രശാന്തിയെ സല്യൂട്ട് ചെയ്തത്. ആന്ധ്രാപ്രദേശ് പോലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ചിത്രം വൈകാതെ വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ എക്കാലത്തും തന്റെ അഭിമാനമായിരുന്ന അച്ഛന്റെ പാത തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ജെസി. ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലൂടെയാണ് ജെസി ജീവിതത്തിലുടനീളം പ്രചോദനമായ അച്ഛനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.

ജെസിയുടെ കുറിപ്പ് ഇങ്ങനെ…” ഡാഡി എല്ലായ്പ്പോഴും എന്റെ ഹീറോയായിരുന്നു, അദ്ദേഹം സബ് ഇന്‍സ്പെക്ടറായിരുന്നു. എല്ലാ രാവിലെകളിലും എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹം ജോലിക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതാണ് കാണുക.

എല്ലാവരും അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നതും കാണാമായിരുന്നു. അതിന്റെ അര്‍ഥമെന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല, പക്ഷേ ആ ദിവസം മുതല്‍ എല്ലാ രാവിലെകളിലും ഞാനും അദ്ദേഹത്തെ സല്യൂട്ട് ചെയ്യാന്‍ തുടങ്ങി.

പക്ഷേ മുതിര്‍ന്നപ്പോഴാണ് അദ്ദേഹം ദിവസവും കൈകാര്യം ചെയ്യുന്ന അപകടസാധ്യതയെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചും തിരിച്ചറിഞ്ഞത്. തന്റെ ടീമിന് എല്ലായ്പ്പോഴും പ്രാമുഖ്യം നല്‍കിയിരുന്ന, താന്‍ പോകും മുമ്പ് വീട്ടില്‍ എല്ലാവരും സുരക്ഷിതമായി എത്തിയെന്ന് ഉറപ്പുവരുത്തുന്ന സീനിയര്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

ഉറക്കമിളച്ചും ഭക്ഷണമില്ലാതെയും അദ്ദേഹം ജോലിക്കുവേണ്ടി നിലകൊണ്ടു. അദ്ദേഹത്തിന്റെ പോസ്റ്റിംഗുകളും ചിലപ്പോള്‍ അസ്ഥിരമായിരുന്നു, ചിലപ്പോള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അല്ലെങ്കില്‍ നെറ്റ് വര്‍ക്ക് ലഭ്യമല്ലാത്ത കാട്ടില്‍ ഒക്കെയാവും. പക്ഷേ ഒരിക്കലും അദ്ദേഹം പരാതിപ്പെട്ടിരുന്നില്ല. തന്റെ യൂണിഫോം ആദരിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞ് മുന്നോട്ടുപോയി.

വര്‍ഷങ്ങള്‍ പോകവേ അദ്ദേഹത്തിന്റെ ചാലകശക്തി എന്റേതുമായി. കരിയര്‍ തിരഞ്ഞെടുക്കാനുള്ള അവസരം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തു. അച്ഛനെപ്പോലെ മറ്റുള്ളവരും ശരിയായി പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ കരുതിയിരുന്നു.

കഠിനമായി പഠിച്ച് 2018ലെ പരീക്ഷ എഴുതുകയും സെലക്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. ഡി.എസ.്പി ആയിട്ടാണ് ഞാന്‍ ജോലിയില്‍ പ്രവേശിച്ചത്. അതുവരെ എന്റെ അച്ഛന്‍ കരയുന്നത് ഒരിക്കലും കണ്ടിട്ടില്ല.

പക്ഷേ അന്ന് ഞാനേറെ ആരാധിച്ചിരുന്ന ആ യൂണിഫോംം ധരിച്ചു നിന്നപ്പോള്‍ എന്റെയും അച്ഛന്റെയും കണ്ണുനിറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ സഹപ്രവര്‍ത്തകരും വിളിച്ച് അദ്ദേഹത്തെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. ആ കോളുകള്‍ക്കിടെ അച്ഛന്റെ മുഖത്തെ പുഞ്ചിരി വാക്കുകള്‍ക്കതീതമായിരുന്നു.

വൈകാതെ ഞങ്ങള്‍ക്ക് ഒന്നിച്ച് ഡ്യൂട്ടി ലഭിക്കുകയും ഞാന്‍ അതിന്റെ ഓഫീസര്‍ സ്ഥാനം വഹിക്കുകയും ചെയ്തു. അച്ഛന്‍ സ്ഥലത്തെത്തുമ്പോഴേക്കും ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഡ്യൂട്ടിക്കിടയില്‍ വച്ച് അദ്ദേഹം എന്നെ സല്യൂട്ട് ചെയ്തു. അപ്പോഴേക്കും ഞാന്‍ പോലീസ് ഓഫീസറായി ഒരുവര്‍ഷം പിന്നിട്ടിരുന്നെങ്കിലും ഞാന്‍ യഥാര്‍ഥത്തില്‍ പോലീസാണെന്ന് വിശ്വസിച്ച ദിനമായിരുന്നു അത്.

പോലീസ് സേനയുടെ ഭാഗമായി ഇപ്പോള്‍ രണ്ടുവര്‍ഷം പിന്നിട്ടിരിക്കുന്നു, അതത്ര എളുപ്പമവുമല്ല. മുമ്പ് അച്ഛനായിരുന്നെങ്കില്‍ ഇന്ന് ഞാനാണ് വീട് വിട്ടു നില്‍ക്കുന്നത്. എനിക്ക് കാര്യങ്ങളൊന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ കഴിയില്ല, കാരണം തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നറിയില്ല.

കഷ്ടിച്ചാണ് ഉറക്കം ലഭിക്കുന്നത്, അടുത്ത ദിവസം രക്തക്കളത്തിലേക്കും മൃതദേഹങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാനുമാണ് പോകുന്നത്. ഇന്നും എല്ലാ ദിവസവും ജോലിക്ക് പോകാനും രാജ്യത്തെ സേവിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നല്ലൊരു പോലീസ് ഉദ്യോഗസ്ഥയാവാനും ഈ യൂണിഫോം കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്നു.

Related posts

Leave a Comment