ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരേ ഇറാൻ നടത്തിയ കനത്ത ഡ്രോൺ ആക്രമണത്തെത്തുടർന്ന്, വിവിധ വിമാനസർവീസ് റദ്ദാക്കി. സുരക്ഷാകാരണങ്ങളാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇറാനും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ മോശമായി.
തങ്ങളുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിനുനേരേ ആക്രമണം നടത്താൻ യുഎഇയിലെ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിച്ചതായി ഇറാൻ ആരോപിച്ചു.
അതേസമയം, രാജ്യത്തിനു സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ, സംയമനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി. അമേരിക്കൻ സാന്നിധ്യമുള്ള എണ്ണ, സാമ്പത്തിക, ഊർജകേന്ദ്രങ്ങൾ ഇനിയും ആക്രമിക്കുമെന്ന് ഇറാന്റെ സൈനികനേതൃത്വം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
യുഎഇക്ക് പുറമെ സൗദിയുടെ കിഴക്കൻ മേഖലകളിലും അമേരിക്കൻ സൈനിക സാന്നിധ്യമുള്ള റിയാദിലെ പ്രിൻസ് സുൽത്താൻ എയർബേസിനെതിരേയും ഇറാൻ ആക്രമണങ്ങൾ തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി പുറത്തുനിന്നുള്ള ശക്തികളെ അമിതമായി ആശ്രയിച്ചതാണ് ഗൾഫ് ഇന്നു നേരിടുന്ന പ്രതിസന്ധികൾക്കു കാരണമെന്ന് സൗദിയിലെ ഇറാൻ അംബാസഡർ അലിറേസ ഇനായത്തി പറഞ്ഞു. സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കാൻ ജിസിസി അംഗങ്ങളും ഇറാഖും ഇറാനും തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും ഇനായത്തി കൂട്ടിച്ചേർത്തു.
