കോഴിക്കോട്: ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. സമൂഹത്തിൽ മോശമായ പ്രതിച്ഛായ ഉണ്ടാക്കാൻ വേണ്ടി വാർത്തകൾ ബോധപൂർവം പ്രചരിപ്പിക്കുന്നതെന്ന് റിയാസ് പറഞ്ഞു. പ്രധാനപ്പെട്ട തെളിവാണെങ്കിൽ ഇത് ഇങ്ങനെയാണോ പുറത്തുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു.
കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണമാണ്. പലയിടങ്ങളിലും റെയ്ഡ് നടന്നു, മൂന്ന് തവണ വീണയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഹവാലയെക്കുറിച്ച് ഒരു ചോദ്യം പോലും ഇഡി ചോദിച്ചിട്ടില്ലന്നും റിയാസ് വ്യക്തമാക്കി.
‘മൊഴിപ്പകർപ്പൊക്കെ അവരുടെ കൈയിൽ കാണുമല്ലോ. വിശാല സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത് പുറത്തുവിടാൻ എന്തിന് തെരഞ്ഞെടുത്തു. ഇഡിയെ പോലൊരു കേന്ദ്ര ഏജൻസി നൽകുന്ന കാര്യങ്ങൾ തെളിവെന്ന നിലയിൽ പുറത്തുവിടുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.
ഇതിനെ നിയമപരമായി തന്നെ കൈകാര്യം ചെയ്യും, ഒരു തരത്തിലും ഭയപ്പെടില്ല. ഇത് വളരെ കൃത്യമായി എഴുതിയ ഒരു തിരക്കഥയാണ്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം. ബാക്കിയെല്ലാം വഴിയേ തെളിയും, ജനങ്ങൾ ഒപ്പമുണ്ടാകും. കരിവാരിത്തേക്കാൻ ശ്രമിച്ചാൽ അത് വിലപ്പോകില്ല, നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
