എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍ തന്നെയായിരുന്നു എന്റെ പ്രിയപ്പെട്ട ആളും ! മോഹന്‍ലാലിനെക്കുറിച്ച് എസ്തര്‍ പറയുന്നതിങ്ങനെ…

ദൃശ്യം 2 പുറത്തിറങ്ങിയതോടെ സിനിമയില്‍ അഭിനയിച്ച ആളുകള്‍ക്കെല്ലാം തിരക്കോടു തിരക്കാണ്. ചിത്രം വന്‍ഹിറ്റായതോടെ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ.

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച എസ്തര്‍ അനില്‍ ദൃശ്യം-2വിലും അനുമോളായി എത്തുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് എസ്തര്‍

എസ്തറിന്റെ കുറിപ്പ്…

”സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍ തന്നെയായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ആളും. ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ചെയ്തു തീര്‍ക്കാനുള്ള അസൈന്‍മെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച് വിഷമിച്ചും ആശങ്കപ്പെട്ടുമാണ് ഞാന്‍ എന്നും സെറ്റിലെത്തിയിരുന്നത്.

എന്നാല്‍ മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേര്‍ന്നുകൊണ്ട് ഈ മനുഷ്യന്‍ അടുത്തുവരും. ഒരിക്കല്‍ മാത്രമല്ല, എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാന്‍ അത് ധാരാളമായിരുന്നു.

എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാന്‍ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനയും അന്‍സിബയും അദ്ദേഹത്തിന്റെ ടീമില്‍ ചേരും. പക്ഷെ എന്തുകൊണ്ട്? എന്തുകൊണ്ടായിരുന്നു എന്നെമാത്രം എപ്പോഴും നിങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്.

തമാശകള്‍ക്കപ്പുറം ദൃശ്യം 2ന്റെ ചിത്രീകരണ സമയം ഞങ്ങള്‍ക്കൊക്കെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങളായിരുന്നു. കൂടെ പ്രവര്‍ത്തിക്കാന്‍ ഏറ്റവും മനോഹരവും, സന്തോഷവാനും തമാശക്കാരനുമായ ഒരാളായതില്‍ ഒരുപാട് നന്ദി ലാലങ്കിള്‍. ഒത്തിരി സ്‌നേഹം,” എന്നാണ് എസ്തര്‍ കുറിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും എസ്തര്‍ പങ്കുവച്ചു.

Related posts

Leave a Comment