ഞാന്‍ മരിച്ചിട്ടില്ല, അച്ഛന്‍ മരിച്ചിട്ട് പതിനഞ്ച് വര്‍ഷവുമായി! അനുശോചനമറിയിച്ച് വിളിച്ചവരുടെ ശല്യം സഹിക്കവയ്യാതെ ഫേസ്ബുക്കില്‍ പോസ്റ്റിടേണ്ടി വന്നു; സ്വന്തം മരണവാര്‍ത്ത കണ്ട കോഴിക്കോട് സ്വദേശിയുടെ അനുഭവം

പല നല്ല കാര്യങ്ങള്‍ക്കും സോഷ്യല്‍മീഡിയ ഉപകാരപ്പെടാറുണ്ടെങ്കിലും അടുത്തകാലത്തായി പല ആളുകള്‍ക്കും അതൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. ചിലപ്പോഴൊക്കെ ജീവനും ജീവതത്തിനും തന്നെ. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്കും ഇപയോഗിക്കാത്തവര്‍ക്കുമെല്ലാം ആ ഭീഷണി ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. മരിക്കാത്തവരെ മരിപ്പിക്കാനും ശത്രുക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാനും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം സോഷ്യല്‍മീഡിയ ആയുധമാക്കാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍മീഡിയയുടെ ആക്രമണത്തിനിരയായ കോഴിക്കോട് സ്വദേശിയുടെ അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചായായിരിക്കുന്നത്. സംഭവമിങ്ങനെ..

അതിരാവിലെ വന്ന സുഹൃത്തിന്റെ ഫോണ്‍ കോള്‍ എടുത്തപ്പോള്‍, കോഴിക്കോട് സ്വദേശിയായ മുരളീധരന്‍ ആദ്യം കേട്ട ചോദ്യം നീ മരിച്ചില്ലേ? എന്നതാണ്. അവന്‍ തമാശ പറഞ്ഞതാണെന്ന് കരുതി ഇല്ലെടാ ഞാന്‍ മരിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് മുരളീധരന്‍ ഫോണ്‍ വച്ചു. പിന്നീട് തുടരെ തുടരെ ഫോണ്‍ കോളുകളുടെ ബഹളം. എല്ലാവരും ചോദിക്കുന്നത് മുരളീധരന്‍ മരിച്ചില്ലേ എന്ന്. അന്വേഷിച്ചപ്പോഴാണ് മനസിലായത്, ഫേസ്ബുക്കില്‍ മുരളീധരന്റെ അച്ഛന്‍ ഭാസ്‌കരന്‍ മരിച്ചു എന്ന വാര്‍ത്ത കണ്ടാണ് എല്ലാവരും വിളിക്കുന്നത്.

വാര്‍ത്തക്ക് ഒപ്പം കൊടിത്തിരിക്കുന്നതാകട്ടെ മുരളീധരന്റെ ചിത്രവും. മുരളീധരന്റെ അച്ഛന്‍ മരിച്ചിട്ട് 15 വര്‍ഷമായി. അതുകൊണ്ട് മരണ വര്‍ത്തയറിഞ്ഞു വിളിക്കുന്നവര്‍ക്കും ആകെ കണ്‍ഫ്യൂഷന്‍. കോഴിക്കോട് നഗരത്തില്‍ പതിറ്റാണ്ടായി മില്‍ക്ക് സര്‍ബത്ത് വില്പന നടത്തുകയാണ് മുരളീധരന്‍.

അതുകൊണ്ട് തന്നെ നാട്ടില്‍ പ്രശസ്തനുമാണ്. മുരളീധരന്‍ മില്‍ക്ക് സര്‍ബത്ത് ഉണ്ടാക്കുന്ന ചിത്രം എടുത്ത് അതിനു മുകളിലാണ് മരണ വാര്‍ത്ത എഴുതി പ്രചരിപ്പിച്ചത്. ഇതിനുപിന്നില്‍ ആരാണെന്നതിനെക്കുറിച്ച് മുരധീരന് യാതൊരു പിടുത്തവുമില്ല.

മകളുടെ കോളജില്‍ നിന്നുവരെ വിളിച്ചു. ഒടുവില്‍ വേറെ ഗത്യന്തരമില്ലാതെ, മുരളീധരന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ താന്‍ മരിച്ചിട്ടില്ല എന്ന് ‘പ്രഖ്യാപിച്ചു’. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ മരിച്ചു എന്ന് ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

ഞാന്‍ മരിച്ചിട്ടില്ല, ഭാസ്‌കരന്‍ എന്നയാള്‍ എന്റെ അച്ഛനാണ് , അദ്ദേഹം മരിച്ചിട്ട് 15 വര്‍ഷമായി ”. ഈ പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ അറിയാത്തവര്‍ കൂടി കാര്യങ്ങള്‍ അറിഞ്ഞു. ഓരോരോ ഗതികേടേ…ഏതായാലും മുരളീധരന് ഒന്നേ പറയാനുള്ളൂ…മറ്റുള്ളവരെ ശല്യപ്പെടുത്തിയും അവരുടെ ജീവിതത്തെ ദുരപയോഗം ചെയ്തുമല്ല സന്തോഷം കണ്ടെത്തേണ്ടത്…

Related posts