‘മെസേജിന് ഫേസ്ബുക്കും വാട്‌സ് ആപ്പും ചാര്‍ജ്ജ് ഈടാക്കുന്നു’ ; വ്യാജസന്ദേശങ്ങളെ കരുതിയിരിക്കണമെന്ന് വിദഗ്ധരുടെ ഉപദേശം

whatsapp-hoax-message-750854ഫേസ്ബുക്കും വാട്‌സ്ആപ്പും ഉടന്‍ ചാര്‍ജ്ജ് ഈടാക്കിത്തുടങ്ങുന്നെന്ന്  വ്യാജ സന്ദേശം സോഷ്യല്‍മാഡിയകളിലൂടെ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് വ്യക്തിവിവരങ്ങളും ബാങ്കിംഗ് ഡീറ്റെയ്ല്‍സും മറ്റും ചോര്‍ത്തുന്ന ഏറ്റവും പുതിയ മാര്‍ഗ്ഗമായി ഇത് മാറിയിട്ടുണ്ടെന്നും ഇത്തരം സന്ദേശങ്ങളെ ഡിലീറ്റ് ചെയ്തു കളയുകയോ അവഗണിക്കുകയോ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തങ്ങള്‍ ഒരു തരത്തിലുമുള്ള ചാര്‍ജ്ജുകളും ഈടാക്കുന്നില്ലെന്ന് വാട്‌സ് ആപ്പ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്കും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങളെ സൂക്ഷിക്കാനും മറ്റുള്ളവര്‍ക്ക് സന്ദേശം പാസ് ചെയ്യുന്നതിന് മുമ്പായി അത് ഡിലീറ്റ് ചെയ്യാനുമാണ് വിദഗ്ദ്ധരും പറയുന്നത്. ഏകദേശം 1 ബില്യണ്‍ ഉപയോക്താക്കളുള്ള ഫേസ്ബുക്ക് മെസഞ്ചര്‍ ഇത്തരം സന്ദേശങ്ങള്‍ സമയം നഷ്ടപ്പെടുത്തുന്നു എന്നല്ലാതെ എന്തെങ്കിലും കാര്യമായ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട് എന്ന് പറഞ്ഞിട്ടില്ല.

‘ശനിയാഴ്ച രാവിലെ മുതല്‍ ഫേസ്ബുക്ക് ചാര്‍ജ്ജ് ഈടാക്കിത്തുടങ്ങും. ഈ സന്ദേശം കോണ്ടാക്ടിലെ പത്തു പേര്‍ക്കെങ്കിലും അയച്ചുകൊടുക്കുക. ഫേസ്ബുക്കില്‍ ഉത്സുകനായ നിങ്ങളുടെ ലോഗോ ഇപ്പോഴും നീലയായി തുടരുന്നുണ്ടെങ്കില്‍ സൗജന്യം തുടരുന്നെന്ന് അര്‍ത്ഥമാക്കുക’ ഈ സന്ദേശമാണ് ഏറ്റവും അടുത്ത കാലത്ത് വന്നത്. അതേസമയം ഈ ആശയത്തിലുള്ള മറ്റനേകം സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഒരു മെസേജിന് ഒരു പൈസ പ്രകാരം ഫേസ്ബുക്ക് ചാര്‍ജ്ജ് ഈടാക്കുന്നു. ഈ വിവരം പത്തുപേര്‍ക്കെങ്കിലും അയയ്ക്കുക എന്നാതാണ് ഇത്തരത്തിലുള്ള മറ്റൊന്ന്.

ഫേസ്ബുക്കിന്റെ സ്ഥാനത്ത് വാട്‌സ് ആപ്പ് എന്നാക്കിയും സന്ദേശങ്ങള്‍ പ്രചിരിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ജനുവരി മുതല്‍ എല്ലാ ഉപയോക്താക്കള്‍ക്കും സന്ദേശ സേവനം വാട്‌സ്ആപ്പ് സൗജന്യമാക്കിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നതിനിടയിലാണ് തട്ടിപ്പ് സന്ദേശം. എന്നാല്‍ ഇത്തരം സന്ദേശം അയയ്ക്കുന്നവരെ ബ്‌ളോക്ക് ചെയ്യാനും ഇത്തരം സന്ദേശങ്ങളെ ഡിലീറ്റ് ചെയ്യാനുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. കുറേ നാളായി വാട്‌സ് ആപ്പിനെ കേന്ദ്രീകരിച്ചുളള സ്‌കാമുകള്‍ വ്യാപകമാണെന്ന് കാസ്‌പെര്‍സ്‌കി ലാബിനെ ഉദ്ധരിച്ചാണ് വിദേശ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

Related posts