ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് ഐഐടി; നിലപാടിന്‍റെ കാരണം ഇങ്ങനെ

ചെന്നൈ: ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ സമർപ്പിച്ച പരാതിക്ക് ഇ മെയിൽ വഴിയാണ് ഐഐടി മറുപടി നൽകിയത്.

വിദ്യാർഥിനിയുടെ മരണത്തിൽ നിലവിൽ പോലീസ് അന്വേഷണം നടക്കുകയാണ്. അതിനാൽ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് ഐഐടിയുടെ നിലപാട്.

അതേസമയം ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ ഐഐടി കാമ്പസിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. ഇന്ന് രാവിലെയാണ് ഗവേഷക വിഭാഗത്തിലെ രണ്ടു വിദ്യാർഥികൾ സമരം തുടങ്ങിയത്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ തമിഴ്നാട്ടിലെ കോളജ് വിദ്യാർഥികളും ഐഐടി വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈയിലെ വള്ളുവർക്കോട്ടത്ത് വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തും. എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും ഐഐടി സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Related posts