ഫാറ്റിലിവറിന്റെ വിവിധ ഘട്ടങ്ങളിലായി ജീവിക്കുന്നവരുടെ എണ്ണം ഇപ്പോൾ വർധിച്ചു വരികയാണ്. അതിനു ചികിത്സയൊന്നും ആവശ്യമില്ലെന്ന് പറയുന്നതും ചികിത്സിക്കാൻ പ്രത്യേകിച്ച് മരുന്നൊന്നുമില്ലെന്ന് പറയുന്നതും ചികിത്സിച്ചിട്ടും കാര്യമില്ലെന്ന് പറയുന്നതും കേട്ട് ഫാറ്റിലിവറുള്ള രോഗികളാകെ ആശയക്കുഴപ്പത്തിലാണ്. ചികിത്സിക്കാതിരിക്കുന്നവരേക്കാൾ ആയുർവേദ ചികിത്സയ്ക്ക് വിധേയരാകുന്നവർക്ക് കൂടുതൽ സുഖമായി ജീവിക്കുവാനാകുന്നുണ്ട് എന്ന യാഥാർഥ്യവും പലരും ഇതിനോടകം മനസിലാക്കിയിട്ടുണ്ട്.
മരുന്നു കഴിക്കുന്നവരിൽ
ദഹന സംബന്ധമായ പ്രശ്നങ്ങൾ, ഗ്യാസ്, കൊളസ്ട്രോൾ, പ്രമേഹരോഗത്തിന്റെ ബുദ്ധിമുട്ടുകൾ, ക്ഷീണം, വിശപ്പില്ലായ്മ, കരളിന്റെയും അതുകാരണം വയറിന്റെയും വലുപ്പം കൂടുക, ത്വക്ക് രോഗങ്ങൾ, മലബന്ധം, വയറു വീർപ്പ് തുടങ്ങിയ പല ബുദ്ധിമുട്ടുകളും മരുന്ന് കഴിക്കുന്നവരിൽ കുറയുന്നുണ്ട്.
മരുന്നു കഴിക്കാത്തവരിൽ
ഒരു മരുന്നും ചെയ്യാത്തവരിൽ ഒന്നാം ഘട്ടത്തിൽ നിന്നും രണ്ടാമത്തതിലേക്കും അതിൽനിന്നും അടുത്ത ഘട്ടത്തിലേക്കും ഫാറ്റിലിവർ വർധിക്കുന്നു. കൂടുതൽ ഗുരുതരമായും ചികിത്സിച്ചാലും കരളിന്റെ ശരിയായ പ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ സാധിക്കാത്ത നിലയിലും ഇത് മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പല ആരോഗ്യ സൂചകങ്ങളെയും നിയന്ത്രിക്കുന്ന കരളിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കണമെന്ന രീതിയിലുള്ള നിർദേശങ്ങളാണ് ആരോഗ്യസംരക്ഷണത്തിനായുള്ള ഉപദേശങ്ങളിലും കരൾ സംബന്ധമായ മറ്റ് രോഗങ്ങളുടെ ചികിത്സയിലും ആയുർവേദം നൽകുന്നത്.
രക്തപരിശോധന, അൾട്രാസൗണ്ട്
അമിതവണ്ണം, പ്രമേഹം, തൈറോയ്ഡ് എന്നീ അവസ്ഥകളുള്ളവരും മദ്യപാനശീലമുള്ളവരും വേദനസംഹാരികളും പനി ഗുളികകളും ശീലമാക്കിയവരും മറ്റ് കരൾരോഗങ്ങൾ ബാധിച്ചിട്ടുണ്ടായിരുന്നവരും മുഖത്ത് പുതിയതായി കറുത്ത നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നവരും കരളിന്റെ ആരോഗ്യം വിലയിരുത്തുന്നത് നല്ലതായിരിക്കും. അതിനായി രക്തപരിശോധനയും അൾട്രാസൗണ്ട് സ്കാനും ആവശ്യമായി വന്നേക്കാം. സ്ത്രീപുരുഷ വ്യത്യാസമോ പ്രായഭേദമോ ഇല്ലാതെയാണ് ഫാറ്റിലിവർ ഇപ്പോൾ വർധിച്ചു കാണുന്നത്.
മദ്യപരിൽ മാത്രമോ?
മദ്യപിക്കുന്നവരിൽ മാത്രമാണ് ഫാറ്റിലിവർ കാണുന്നതെന്ന് പലരും കരുതുന്നുണ്ട്. മദ്യപിക്കുന്നവരിലും മദ്യപിക്കുന്നതിനൊപ്പം കൊഴുപ്പ് കൂടിയ വസ്തുക്കളായ മാംസം, മുട്ട, നിലക്കടല, കാഷ്യൂനട്ട്, എണ്ണയിൽ വറുത്തത് തുടങ്ങിയവ കഴിക്കുന്നവരിലും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൊഴുപ്പിന്റെ അംശം മദ്യത്തിന്റെ സാന്നിധ്യത്തിൽ പരമാവധി ആഗിരണം ചെയ്യപ്പെടുന്നു എന്നതാണു കാരണം. ഫാറ്റിലിവർ ഉള്ളവരിലും ഇത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കും. ഇത്തരമാൾക്കാരിൽ ഫാറ്റിലിവറിനൊപ്പം ട്രൈ ഗ്ലിസറൈഡ്, എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോൾ എന്നിവയും വർധിച്ചുവരാം.
മദ്യം കഴിക്കാത്തവരിലും
മദ്യം കഴിക്കാത്തവരിലും ഇപ്പോൾ ഫാറ്റിലിവർ വർധിച്ചു കാണുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഫുഡ് സപ്ലിമെന്റുകളും മരുന്നുകളുമുൾപ്പെടെ പ്രതിക്കൂട്ടിലാകും എന്ന കാര്യത്തിൽ സംശയമില്ല.
വ്യായാമം തീരെ കുറവുള്ളവർക്കും അമിതമായി ഭക്ഷണം കഴിക്കുന്നവർക്കും ഹോട്ടൽ ഭക്ഷണം ശീലമാക്കിയവർക്കും പ്രഭാത ഭക്ഷണം കഴിക്കാത്തവർക്കും വളരെ വൈകി കഴിക്കുന്നവർക്കും രാത്രി ഉറക്കത്തിനു തൊട്ടുമുമ്പ് അമിതമായും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണം കഴിക്കുന്നവർക്കും സമയത്തല്ലാതെ ഭക്ഷണം ശീലമാക്കിയവർക്കും അരിയാഹാരം കൂടുതൽ കഴിക്കുന്നവർക്കും ബേക്കറി, കോള, വീണ്ടും വീണ്ടുമുപയോഗിച്ച എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ കഴിക്കുന്നവർക്കും ആവശ്യത്തിന് ഭക്ഷണം കഴിച്ചവർതന്നെ അത് പൂർണമായി ദഹിക്കുന്നതിനു മുമ്പ് വീണ്ടും കഴിക്കുന്നതുകൊണ്ടും വളരെ വേഗത്തിൽ ആഹാരം കഴിക്കുന്ന ശീലമുള്ളവർക്കും ഫാറ്റിലിവർ ഉണ്ടാകാം. ചില ജനിതക തകരാറുകൾകൊണ്ടും ഫാറ്റിലിവർ സംഭവിക്കാം.
