പരവൂർ: ലോകമെമ്പാടുമുള്ള സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അമേരിക്കൻ ഏജൻസി ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) 2025-ലെ ഇന്റർനെറ്റ് ക്രൈം റിപ്പോർട്ട് പുറത്തുവന്നു. ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പ് പരാതികൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കാനഡയാണ് പട്ടികയിൽ ഒന്നാമത്.
2025ൽ മാത്രം ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ക്രൈം കംപ്ലയിന്റ് സെന്ററിൽ പത്തുലക്ഷത്തിലധികം (1,008,597) പരാതികളാണ് ലഭിച്ചത്. ഏകദേശം 20.877 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം ഇതിലൂടെ സംഭവിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024നെ അപേക്ഷിച്ച് നഷ്ടത്തിൽ 26 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ആകെ നഷ്ടത്തിന്റെ 85 ശതമാനവും ഇന്റർനെറ്റ് വഴിയുള്ള തട്ടിപ്പുകൾ മൂലമാണ് സംഭവിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ താഴെ പറയുന്നവയാണ്:
കാനഡ (7,479 പരാതികൾ), ഇന്ത്യ (5,879 പരാതികൾ), ജപ്പാൻ (5,764 പരാതികൾ), യുണൈറ്റഡ് കിംഗ്ഡം (4,106 പരാതികൾ), ജർമനി (3,056 പരാതികൾ), പട്ടികയിൽ നൈജീരിയ (14-ാം സ്ഥാനം), പാകിസ്ഥാൻ (13-ാം സ്ഥാനം), ചൈന (17-ാം സ്ഥാനം) എന്നീ രാജ്യങ്ങളും ആദ്യ ഇരുപതിൽ ഉൾപ്പെടുന്നു.
സൈബർ തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് മുതിർന്ന പൗരന്മാരെയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 60 വയസിന് മുകളിലുള്ളവരിൽ നിന്നാണ് ഏറ്റവും വലിയ സാമ്പത്തിക നഷ്ടം (7.7 ബില്യൺ ഡോളർ) രേഖപ്പെടുത്തിയിരിക്കുന്നത്. 2001ൽ വെറും 17.8 മില്യൺ ഡോളറായിരുന്ന ആഗോള സൈബർ തട്ടിപ്പ് നഷ്ടം 2025ൽ 20.877 ബില്യൺ ഡോളറായി കുതിച്ചുയർന്നു. ഒരു ഇരയ്ക്ക് ശരാശരി 20,699 ഡോളർ (ഏകദേശം 17 ലക്ഷം രൂപ) വീതം നഷ്ടമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം സൈബർ ക്രിമിനലുകൾ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും സുരക്ഷാ ഏജൻസികളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നൽകി.
എസ്.ആർ. സുധീർ കുമാർ
