കരുവന്തലയില്‍ രണ്ടു വീടുകള്‍ കത്തിനശിച്ചു

house_fireപാവറട്ടി: ഏനാമാവ് കരുവന്തലയില്‍ രണ്ട് വീടുകള്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപ്പനാത്ത് അപ്പു, സഹോദരന്‍ വാസു എന്നിവരുടെ ഓലമേഞ്ഞ വീടുകള്‍ കത്തിനശിച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

അപകടസമയത്ത് അപ്പുവിന്റെ പേരക്കുട്ടി ദ്രുപത്കൃഷ്ണയുടെ ചോറൂണിനായി വീട്ടുകാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയിരിക്കയായിരുന്നു. ഇതുമൂലം വന്‍ ദുരന്തം ഒഴിവായി. വീടിനകത്ത് സൂക്ഷിച്ചിരുന്ന ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകളും പണവും സ്വര്‍ണാഭരണങ്ങളും ഫര്‍ണിച്ചറുകളും നിത്യോപയോഗ സാധനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ഗുരുവായൂരില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിശമന സേനാംഗങ്ങളാണ് തീ അണച്ചത്.

ഗുരുവായൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ആര്‍. പ്രദീപ്കുമാര്‍, ലീഡിംഗ് ഫയര്‍മാന്‍ ജോസഫ് ആന്റണി, പാവറട്ടി എസ്‌ഐ എം.ജി.ഗിരിജന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുരളി പെരുനെല്ലി എംഎല്‍എ, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി എം.ശങ്കര്‍, ജില്ലാ പഞ്ചായത്തംഗം ജെന്നി ജോസഫ്, കെ.വി.മനോഹരന്‍, വെങ്കിടങ്ങ് വില്ലേജ് ഓഫീസര്‍ എം.ജി.ജോസഫ് തുടങ്ങിയവര്‍ കത്തിനശിച്ച വീട്ടിലെത്തി. പഞ്ചായത്ത് ജനപ്രതിനിധികളുടെയും വിവിധ രാഷ്ര്ടീയകക്ഷി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ അത്യാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ വീട്ടുകാര്‍ക്ക് എത്തിച്ച് നല്‍കി.

Related posts