കാപ്പാട് കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ മത്സ്യക്കൊയ്ത്ത്; കിട്ടിയ അവസരം പാഴാക്കാതെ നാട്ടുകാരും

ഓഖി ചുഴലികാറ്റിന്റെയും കനത്ത മഴയുടെയും സാഹചര്യത്തില്‍ കാപ്പാട് കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ തീരത്ത് മത്സ്യങ്ങളുടെ ചാകരയായിരുന്നു രൂപപ്പെട്ടത്. അവസരം മുതലെടുത്ത് കൈനനയാതെ മീന്‍പിടിക്കാനുള്ള അവസരം നാട്ടുകാര്‍ ശരിക്കും പ്രയോജനപ്പെടുത്തി.

കടല്‍ ഉള്‍വലിയല്‍ പ്രതിഭാസത്തിന്റെ ഉത്കണ്ഠ പങ്കുവെക്കുന്നതിനിടയിലാണ് കടലോരത്തെ മണലില്‍ അടിഞ്ഞു കൂടിയ മീനുകളെ വാരിയെടുക്കാനുള്ള വ്യഗ്രത കാണിച്ചത്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള്‍ മറ്റ് ചെറുമീനുകള്‍ എന്നിവയാണ് കിട്ടിയത്.

അപകടകരമായ സാഹചര്യത്തില്‍ മീന്‍ പെറുക്കിയെടുക്കാന്‍ ആളുകള്‍ മത്സരിച്ചതോടെ കൊയിലാണ്ടി സിഐ കെ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് ഇത് വിലക്കി. എന്നാല്‍ വിലക്കുകളെ മറികടന്നായിരുന്നു നാട്ടുകാര്‍ മീനുകള്‍ വാരികൂട്ടിയത്. ശനിയാഴ്ച ചെറുവഞ്ചികള്‍ ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയില്ല.

Related posts