പരവൂർ: ഓൺലൈൻ വഴി പലചരക്ക് സാധനങ്ങളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്ന പ്രമുഖ ശൃംഖലയായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരേ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ.
2006-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമങ്ങളുടെ ഗുരുതര ലംഘനം ചൂണ്ടിക്കാട്ടി സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് എഫ്എസ്എസ്എഐ ഒമ്പത് നോട്ടീസുകൾ അയച്ചു. ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ അടിയന്തര ഇടപെടൽ.
നോട്ടീസിന്മേൽ വിശദമായ വിശദീകരണവും നിയമങ്ങൾ പാലിച്ചതു സംബന്ധിച്ച അനുസരണ റിപ്പോർട്ടും അടിയന്തരമായി സമർപ്പിക്കാൻ സ്വിഗ്ഗിയോട് നിർദേശിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം മറുപടി നൽകാതിരിക്കുകയോ വിശദീകരണം തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ കമ്പനിക്കെതിരേ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എഫ്എസ്എസ്എഐ ഔദ്യോഗികമായി അറിയിച്ചു.
സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ പലതും കാലാവധി കഴിഞ്ഞതും ചീഞ്ഞതും മലിനമായതുമാണെന്ന് ഉപഭോക്താക്കൾ വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ഇത്തരം ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടുന്നു.
ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്തതിന് പുറമെ, നിയമപരമായ മറ്റ് പല ലംഘനങ്ങളും അഥോറിറ്റിയുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിതരണത്തിനായി തെറ്റായതോ അസാധുവായതോ അല്ലെങ്കിൽ നിലവിലില്ലാത്തതോ ആയ ലൈസൻസ് നമ്പറുകളാണ് ഉപയോഗിക്കുന്നത്.
കൂടാതെ എഫ്എസ്എസ്എഐയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ള പേരിന് പകരം മറ്റ് പേരുകളിൽ ഭക്ഷ്യ ബിസിനസ് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതായും നോട്ടീസിൽ വ്യക്തമാക്കുന്നു. ഇത്തരം ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് ഭക്ഷ്യ നിയന്ത്രണ അഥോറിറ്റിയുടെ തീരുമാനം.
