കോട്ടയം: ജില്ലയിലെങ്ങും ഇറച്ചിക്കോഴി, മീന്‍വില വന്‍തോതില്‍ വര്‍ധിക്കുന്നു. ഇറച്ചിക്കോഴിയുടെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 30 രൂപ വര്‍ധിച്ച് കിലോഗ്രാമിനു 195 രൂപയിലെത്തി. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമുള്ളതിനാല്‍ മീന്‍ വിലയും റോക്കറ്റ് പോലെ കുതിക്കുകയാണ്.
മത്തി കിലോഗ്രാമിനു 350 രൂപയും അയലയ്ക്കു 400 രൂപയുമായി വിപണിയില്‍. വിലവര്‍ധന ഹോട്ടലുകള്‍ക്കും വലിയ തിരിച്ചടിയാണ്. ഉത്പാദനത്തിലെ കുറവും കോഴിത്തീറ്റ വിലയിലുണ്ടായ വര്‍ധനയുമാണ് വില ഉയരാന്‍ പ്രധാന കാരണമായി പറയുന്നത്. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കോഴികള്‍ എത്താത്തതും തിരിച്ചടിയായെന്ന് വ്യാപാരികള്‍ പറയുന്നു.
വില ഉയര്‍ന്നതോടെ, പലയിടത്തും കച്ചവടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളില്‍ ചിക്കന്‍, മീന്‍ വിഭവങ്ങള്‍ക്കു വില വര്‍ധിപ്പിക്കേണ്ടി വരുമെന്നു ഹോട്ടലുടമകള്‍ പറയുന്നു. ബീഫ്, പോര്‍ക്ക്, മീന്‍ തുടങ്ങി നോണ്‍ വെജ് വിഭവങ്ങള്‍ വേണമെങ്കില്‍ പോക്കറ്റ് കാലിയാകുന്ന സ്ഥിതിയാണ്. വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കാമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇറച്ചിക്കോഴി ഫാം നടത്തുന്നവരും പ്രതിസന്ധിയിലാണ്.
അധിക വൈദ്യുതി ചെലവ്, തീറ്റയുടെ വില വര്‍ധന എന്നിവയെല്ലാം ഫാം നടത്തിപ്പുകാരെ പ്രതിസന്ധിയിലാക്കുന്നു. മീൻ വില കയറുന്നതിന് യാതൊരു നിയന്ത്രണവുമില്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇതില്‍ ഇടപെടാനും സാധിക്കില്ല. ചില കടകളില്‍ വില തോന്നുംപടിയാണെന്നും ആരോപണമുണ്ട്. ട്രോളിംഗ് നിരോധനമുള്ളതിനാല്‍ തമിഴ്നാട്, ഗോവ, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് മീന്‍ കൂടുതലായി എത്തുന്നത്.
ചെലവ് കൂടുന്നതിനാല്‍ വിലയും കൂടുകയാണ്. മത്തി 300-350, അയല 360-400, ചൂര 280-350, കൂന്തല്‍ 350-420, നത്തോലി 200-240, ആവോലി 600-650, നെയ്മീന് 750-800, ചെമ്മീന്‍ 350-450 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില നിലവാരം. ഈ മാസാവസാനത്തോടെ ട്രോളിംഗ് നിരോധനം പിന്‍വലിക്കുന്നതോടെ മീന്‍വില കുറഞ്ഞേക്കും. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
