നെടുമങ്ങാട്: സംശയകരമായ സാഹചര്യത്തിൽ ആയുധങ്ങളുമായി പോലീസ് പിടികൂടിയ നാലംഗ സംഘത്തെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ ക്രൈം റെക്കോർഡ് ബ്യൂറോ സിഐയുടെ പരാക്രമം.അര മണിക്കൂറിലേറെ പോലീസ് സ്റ്റേഷൻ പ്രവർത്തനം താറുമായി.
ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിലെത്തിയ ക്രൈം റെക്കോർഡ് ബ്യൂറോ ഇൻസ്പെക്ടർ യഹിയ (52) പോലീസ് പ്രിവന്റീവ് അറസ്റ്റ് ചെയ്ത തന്റെ ബന്ധുക്കളെ വിട്ടുകിട്ടണമെന്നാവശ്യപെട്ട് സെല്ലിൽ കയറി പ്രതികൾക്കൊപ്പം കിടക്കുകയും സെല്ലിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച പോലീസുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരെ താൻ മേലുദ്യോഗസ്ഥനാണെന്ന് വിരട്ടിയാണ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്.
സംഭവസമയം സ്റ്റേഷൻ ചുമതലയുള്ള സിഐ സ്ഥലത്തില്ലായിരുന്നു.ഡിവൈഎസ്പി വിവരം അറിയിച്ചതിനെ തുടർന്ന് റൂറൽ എസ്പി പ്രശാന്തൻ കാണി, സി.ഐ യഹിയയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാൻ ഉത്തരവ് നൽകുകയായിരുന്നു.
നെടുമങ്ങാട് എസ്ഐ അഭിജിതിന്റെ നേതൃത്വത്തിൽ പോലീസുകാർ യഹിയയെ ലോക്കപ്പിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്തിറക്കി നെടുമങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ യഹിയ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യഹിയയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വ്യാഴാഴ്ച രാത്രി എസ്ഐ അഭിജിതിന്റെ നേതൃത്വത്തിൽ പോലീസ് ചുള്ളിമാനൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിന്റെ സ്റ്റമ്പും ഇരുമ്പ് ലിവറുകളുമായാണ് സ്ഥലവാസികളായ നാല് പേരെ കസ്റ്റഡിയിൽ എടുത്ത് മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി സെല്ലിൽ അടച്ചത്.
ഇവരെ വിട്ടുകിട്ടുന്നതിനായാണ് യഹിയ സ്റ്റേഷനിൽ പരാക്രമം നടത്തിയത്.സംഭവത്തിൽ വകുപ്പ്തല നടപടിയുണ്ടാകുമെന്ന് റൂറൽ എസ്പി ഓഫീസ് അറിയിച്ചു. ഇതിനിടെ പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.യഹിയയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
