മനുഷ്യരേക്കാള്‍ ഭേദം മൃഗങ്ങള്‍ തന്നെ! നാല്‍വര്‍ സംഘം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയ്ക്ക് രക്ഷകരായത് സിംഹങ്ങള്‍; പോലീസെത്തുന്നതുവരെ കാവല്‍ നിന്നതും കാട്ടിലെ രാജാക്കന്മാര്‍; എത്യോപ്യയില്‍ നടന്ന അത്ഭുതകരമായ ആ സംഭവമിങ്ങനെ

up9ipipചിലപ്പോഴെങ്കിലും ആളുകള്‍ പറയാറുണ്ട്. മനുഷ്യരേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് മൃഗങ്ങളെന്ന്. വ്യക്തമായ അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് തന്നെയായിരിക്കണമല്ലോ അങ്ങനെയൊരു വിശ്വാസം ഉണ്ടായത്. ഇത്തരത്തില്‍ മനുഷ്യരില്‍ നിന്ന് കിട്ടാതെപോയ ദയയും കനിവും ഒരു പെണ്‍കുട്ടിയ്ക്ക് ഒരുകൂട്ടം സിംഹങ്ങള്‍ നല്‍കിയ വാര്‍ത്തയാണ് ഈ അടുത്ത കാലത്ത് ലോകശ്രദ്ധയാകര്‍ഷിച്ചത്. എത്യോപ്യയിലാണ് സംഭവം നടന്നത്. കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ പന്ത്രണ്ടുവയസ്സുകാരിയെ ഒരു കൂട്ടം സിംഹങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് പെണ്‍കുട്ടിയെ നാല് കൊള്ളക്കാര്‍ ചേര്‍ന്ന് പിടികൂടിയത്. കൊള്ളക്കാരെ പിന്തുടര്‍ന്നെത്തിയ പോലീസ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവരെ ഞെട്ടിച്ചത് ഇതൊന്നുമായിരുന്നില്ല. ഒരു കൂട്ടം സിംഹങ്ങള്‍ ആ പെണ്‍കുട്ടിയ്ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു. നാല്‍വര്‍ സംഘത്തിന്റെ പിന്നാലെ കൂടിയ സിംഹങ്ങള്‍ അവരെ പേടിപ്പിച്ച് ഓടിക്കുകയായിരുന്നു എന്നതാണ് പ്രാഥമിക നിഗമനം. കുട്ടിയെ ചുറ്റിപ്പറ്റി സിംഹങ്ങള്‍ നടന്നിരുന്നുവെങ്കിലും അവളെ ഒന്ന് തൊട്ട് പോലും അവര്‍ വേദനിപ്പിച്ചിരുന്നില്ല. പോലീസ് കുട്ടിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും സിംഹങ്ങള്‍ തിരിച്ചുപോവുകയും ചെയ്തു.

images

ഞങ്ങള്‍ അവളെ കണ്ടെത്തുന്നതുവരെ ആ സിംഹങ്ങള്‍ അവളെ സംരക്ഷിച്ചിരുന്നു. പിന്നീട് ഞങ്ങള്‍ എത്തിയപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് ഒരു സമ്മാനം തരുന്ന രീതിയില്‍ അവളെ വിട്ടിട്ട് കാട്ടിലേയ്ക്ക് പിന്‍വാങ്ങുകയാണുണ്ടായത്. പോലീസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ചില വനനിരീക്ഷകര്‍ പ്രസ്തുത സംഭവത്തില്‍ സംശയം രേഖപ്പെടുത്തി. സിംഹങ്ങള്‍ അവളെ തിന്നാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വിവിധ തടസ്സങ്ങള്‍ മൂലം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് അവര്‍ വാദിക്കുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോകലിന് വിധേയയായ പെണ്‍കുട്ടി പറഞ്ഞത്, കൊള്ളക്കാര്‍ തന്നെ ഉപദ്രവിച്ചെന്നും എന്നാല്‍ സിംഹങ്ങള്‍ തന്നെ തൊട്ടിട്ടുപോലുമില്ലെന്നുമാണ്. സിംഹങ്ങള്‍ പെണ്‍കുട്ടിയെ മനപൂര്‍വ്വം അവഗണിച്ചതാവാമെന്നും അവളുടെ കരച്ചില്‍ ചിലപ്പോള്‍ സിംഹക്കുട്ടികളുടെ കരച്ചില്‍ പോലെ തോന്നിയിരിക്കാമെന്നുമാണ് എത്യോപ്യയിലെ വനപാലകരും വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എല്ലാവരും ഇതൊരു അത്ഭുതമായാണ് കണക്കാക്കുന്നത്. കാരണം സാധാരണഗതിയില്‍ മനുഷ്യരെ കൈയ്യില്‍ കിട്ടിയാല്‍ സിംഹങ്ങള്‍ വെറുതെവിടാറില്ല. തട്ടിക്കൊണ്ടുപോയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Related posts