രാജ്യത്തെ കാത്തിരിക്കുന്നത് കനത്ത വരള്‍ച്ചയോ ! ഏറ്റവുമധികം ദുരന്തമുണ്ടാവുക കൊല്‍ക്കത്തയില്‍ ; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അതീവ ഗുരുതരം…

നാഗ്പുര്‍: രാജ്യത്ത് കൊടും വരള്‍ച്ച വരാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. 2015ലെ കൊടുംചൂടില്‍ ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത് 2500 പേര്‍ക്കാണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ വരാന്‍ പോകുന്നത് അതിലും ഭീഷണിയുയര്‍ത്തുന്ന ഉഷ്ണകാലമാണെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനലാണ് (ഐപിസിസി) ഇന്ത്യയെ ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിട്ടത്. വ്യവസായവല്‍ക്കരണത്തിനു മുന്‍പുണ്ടായിരുന്നതിനേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപം കൂടിയാല്‍ ഇന്ത്യ വീണ്ടും അതികഠിനമായ ഉഷ്ണത്തിലേക്കു പോകും.

ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യും. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ നിര്‍ണായകമാകും.

ആഗോള താപനം 2030നും 2052നും ഇടയ്ക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തിച്ചേരുമെന്നാണു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപദ്വീപില്‍ താപവാദത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുക കൊല്‍ക്കത്തയും പാക്കിസ്ഥാനിലെ കറാച്ചിയുമായിരിക്കും. 2015ലേതിനു സമാനമായി രണ്ടു നഗരങ്ങളിലും അത്യുഷ്ണം തന്നെ നേരിടേണ്ടിവരും. കാലാവസ്ഥാ മാറ്റം മരണനിരക്കിനെയും സ്വാധീനിക്കുമെന്നും പഠന റിപ്പോര്‍ട്ട് അടിവരയിടുന്നു.

ആഗോള താപനം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ദശലക്ഷക്കണക്കിനു പേര്‍ക്കു ജീവന്‍ നഷ്ടമാകുമെന്നും കാലാവസ്ഥാ വിദഗ്ധനായ ആര്‍തര്‍ വിന്‍സ് വ്യക്തമാക്കി. വാഷിങ്ടണ്‍ സര്‍വകലാശാല, ലോകാരോഗ്യ സംഘടന, ക്ലൈമറ്റ് ട്രാക്കര്‍ എന്നിവയില്‍നിന്നുള്ള വിദഗ്ധ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നു ഭക്ഷ്യ ക്ഷാമം, ജീവിത സാഹചര്യങ്ങളുടെ ദൗര്‍ലഭ്യം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കാരണം ദാരിദ്ര്യവും പല മടങ്ങു കൂടും.

ഐപിസിസിയുടെ പഠനം പ്രകാരം ആഗോള താപനത്തോടൊപ്പം തന്നെ ദാരിദ്ര്യവും വര്‍ധിക്കും. ആഗോള താപനം രണ്ടു ഡിഗ്രിയില്‍നിന്ന് 1.5 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കുന്നതിലൂടെ കാലാവസ്ഥ പ്രശ്‌നങ്ങളിലും ദാരിദ്ര്യത്തിലും അകപ്പെടുന്നവരുടെ വ്യാപ്തി കുറയ്ക്കാനാകുമെന്നാണു പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

പ്രധാനമായും ഏഷ്യന്‍ മേഖലയില്‍ ധാന്യോല്‍പാദനത്തെ ഇതു മോശമായി ബാധിക്കും. ഇന്ത്യയില്‍ ആണവോര്‍ജ മേഖലയില്‍നിന്നുമാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുറന്തള്ളിയത് 929 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ്. കാലാവസ്ഥാ മാറ്റം 600 ദശലക്ഷം ഇന്ത്യക്കാരുടെ ജീവിതത്തെ ബാധിക്കുമെന്നു ലോകബാങ്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അനിയന്ത്രിതമായ പുറന്തള്ളല്‍ രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.

Related posts